ജമ്മു: ജമ്മു-കശ്മീരിലെ മണ്ഡല പുനർനിർണയുമായി ബന്ധപ്പെട്ട കമീഷെൻറ നിർദേശങ്ങളിൽ വ്യാപക അമർഷം. ഇതിനെതിരെ ജനുവരി ഒന്നിന് ശ്രീനഗറിൽ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് 'ഗുപ്കർ സഖ്യം' അറിയിച്ചു. ജമ്മു മേഖലയിൽ ആറ് അധിക സീറ്റുകൾ നിർണയിച്ചതായാണ് വിവരം.
പുറമെ, കശ്മീർ താഴ്വരക്ക് ഒരു സീറ്റും. ഇക്കാര്യം കഴിഞ്ഞ ദിവസം കമീഷൻ മേഖലയിൽനിന്നുള്ള എം.പിമാരുമായി ചർച്ച ചെയ്തിരുന്നു. കമീഷൻ നിർദേശങ്ങൾ ആർക്കും സ്വീകാര്യമല്ലെന്ന് 'ഗുപ്കർ സഖ്യം' മുഖ്യ വക്താവും സി.പി.എം നേതാവുമായ എം.വൈ. തരിഗാമി പറഞ്ഞു. ജമ്മു-കശ്മീരിനെ കൂടുതൽ വിഭജിക്കാൻ മാത്രമേ ഇത് ഉപകരിക്കൂ.
നിർദേശം ജനങ്ങളെ കൂടുതൽ അന്യവത്കരിക്കുമെന്നും ഫാറൂഖ് അബ്ദുല്ലയുടെ നേതൃത്വത്തിൽ നടന്ന 'ഗുപ്കർ സഖ്യ'ത്തിെൻറ മണിക്കൂർ നീണ്ട യോഗശേഷം തരിഗാമി പറഞ്ഞു. യോഗത്തിൽ പി.ഡി.പി അധ്യക്ഷ മഹ്ബൂബ മുഫ്തി, അവാമി നാഷനൽ കോൺഫറൻസ് നേതാവ് മുസഫർ അഹ്മദ് ഷാ എന്നിവരും പങ്കെടുത്തു. നിലവിൽ കശ്മീർ ഡിവിഷനിൽ 46 നിയമസഭ മണ്ഡലങ്ങളാണുള്ളത്. ജമ്മുവിൽ 37ഉം. ജമ്മു ജനസംഖ്യ 53.72 ലക്ഷവും കശ്മീരിൽ ഡിവിഷനിൽ 68.83 ലക്ഷവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.