ജമ്മു: കശ്മീർ നിയമസഭ പിരിച്ചുവിട്ടതിന്റെ കാരണം വെളിപ്പെടുത്തിയതിന് തനിക്ക് സ്ഥലംമാറ്റ ഭീഷണിയുണ്ടെന്ന് ജമ്മു കശ്മീർ ഗവർണർ സത്യാപാൽ മാലിക്. തന്റെ വെളിപ്പെടുത്തൽ മൂലം പദവി നഷ്ടമാകില്ല. എന്നാൽ സ്ഥലം മാറ്റത്തിന് സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പി പിന്തുണയുള്ള പീപ്ൾസ് കോൺഫറൻസ് തലവനും മുൻ വിഘടനവാദി നേതാവുമായ സജ്ജാദ് ഗനി ലോണിനെ സർക്കാറുണ്ടാക്കാൻ ക്ഷണിക്കണമെന്ന് കേന്ദ്ര സർക്കാർ നിർബന്ധിച്ചതിനെ തുടർന്നാണ് കശ്മീർ നിയമസഭ പിരിച്ചുവിട്ടതെന്നായിരുന്നു ഗവർണറുടെ വെളിപ്പെടുത്തൽ.
എത്രകാലം ഇവിടെയുണ്ടാകുമെന്ന് പറയാനാകില്ല. അത് തന്റെ നിയന്ത്രണത്തിലല്ല. എപ്പോഴാണ് സ്ഥലംമാറ്റമുണ്ടാവുക എന്നും അറിയില്ല. തനിക്ക് പദവി നഷ്ടപ്പെടില്ലായിരിക്കും. എന്നാൽ സ്ഥലം മാറ്റ ഭീഷണി നിലനിൽക്കുന്നുണ്ട്. എത്രകാലം ഞാനിവിടെ ഉണ്ടാകുന്നുവോ അത്രയും കാലം നിങ്ങൾ വിളിച്ചാൽ ഇവിടെ വന്ന് ആദരാഞ്ജലി അർപ്പിക്കാൻ താൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാവ് ഗിർധരി ലാൽ ദോഗ്രയുടെ ചരമ വാർഷികത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ബുധനാഴ്ച നാഷനൽ കോൺഫറൻസും മഹ്ബൂബ മുഫ്തിയുടെ പി.ഡി.പിയും കോൺഗ്രസ് പിന്തുണയോടെ സർക്കാറിന് അവകാശമുന്നയിച്ചതിന് തൊട്ടുപിന്നാലെയാണ് ഗവർണർ സഭ പിരിച്ചുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.