റാഞ്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനെ എൻഫോഴ്സ്മെന്റ് ഡയറകടറേറ്റ് (ഇ.ഡി) ഏഴാം തവണ ചോദ്യംചെയ്യാൻ വിളിപ്പിക്കുകയും ഭരണകക്ഷി എം.എൽ.എ രാജിവെച്ചതിനും പിന്നാലെ ഇന്ന് ജെ.എം.എം സഖ്യകക്ഷി യോഗം ചേരുന്നു. ഇതോടെ മുഖ്യമന്ത്രി രാജിവെക്കുമെന്ന അഭ്യൂഹം ശക്തമായി. ഗാണ്ഡെ മണ്ഡലത്തിലെ എം.എൽ.എ സർഫറാസ് അഹമ്മദ് രാജിവെച്ചത് ഇ.ഡി നടപടിയെ തുടർന്ന് ഹേമന്ദ് സോറൻ രാജിവെച്ചാൽ ഭാര്യ കല്പനയെ മുഖ്യമന്ത്രിയാക്കി ഇവിടെനിന്ന് മത്സരിപ്പിക്കാനാണെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു.
എന്നാൽ, തന്റെ ഭാര്യക്ക് മുഖ്യമന്ത്രിപദവി കൈമാറുമെന്ന ബി.ജെ.പി വ്യാഖ്യാനം കളവാണെന്ന് മുഖ്യമന്ത്രി ഹേമന്ദ് സോറൻ പ്രതികരിച്ചു. എം.എൽ.എ രാജിവെച്ചത് ഭാര്യയെ മത്സരിപ്പിക്കാനാണെന്ന ആരോപണം അവരുടെ ഭാവനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മുഖ്യമന്ത്രിക്കെതിരെയുള്ള ഇ.ഡി. സമൻസിനെ തുടർന്നുള്ള രാഷ്ട്രീയ സാഹചര്യം വിലയിരുത്താനാണ് ഭരണകക്ഷി സഖ്യത്തിലെ എം.എൽ.എമാരുടെ യോഗം വിളിച്ചതെന്ന് ജെ.എം.എം ജനറൽ സെക്രട്ടറി വിനോദ് കുമാർ പാണ്ഡെ പറഞ്ഞു. വൈകീട്ട് 4.30ന് മുഖ്യമന്ത്രിയുടെ വസതിയിലാണ് യോഗം.
വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെക്കുന്നതെന്നാണ് സർഫറാസ് അഹമ്മദ് വ്യക്തമാക്കിയത്. ആറുതവണ ചോദ്യംചെയ്യാൻ വിളിപ്പിച്ചപ്പോഴും സോറൻ ഇ.ഡി മുമ്പാകെ ഹാജരായിരുന്നില്ല. ഏഴാമത്തെ സമൻസ് ഡിസംബറിലാണ് നൽകിയത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തെരഞ്ഞെടുത്ത സർക്കാറിനെ അസ്ഥിരപ്പെടുത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് ആരോപിച്ചായിരുന്നു ഇ.ഡിക്ക് മുമ്പിൽ മുഖ്യമന്ത്രി എത്താതിരുന്നത്. അറസ്റ്റിൽനിന്ന് സംരക്ഷണം തേടി ഹൈകോടതിയിലും സുപ്രീംകോടതിയിലും സോറൻ ഹരജി നൽകിയെങ്കിലും തള്ളി. 81 അംഗ ഝാർഖണ്ഡ് നിയമസഭയിലേക്ക് ഈ വർഷം നവംബറിലോ ഡിസംബറിലോ ആണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.