ന്യൂഡൽഹി: ജനശബ്ദവും ഭരണഘടനയും സംരക്ഷിക്കുന്നതിന് സമാന ചിന്താഗതിക്കാരായ എല്ലാ പാർട്ടികളോടും കൈകോർക്കുമെന്ന് കോൺഗ്രസ് മുൻഅധ്യക്ഷ സോണിയ ഗാന്ധി. വിവിധ സംസ്ഥാനങ്ങളിലേക്ക് നിയമസഭ തെരഞ്ഞെടുപ്പും പിറകെ ലോക്സഭ തെരഞ്ഞെടുപ്പും നടക്കാനിരിക്കേ, വരും മാസങ്ങൾ രാജ്യത്തെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമാണ്.
അധികാരത്തിന്റെ ഓരോ അംശവും ദുരുപയോഗം ചെയ്യുകയാണ് മോദി സർക്കാർ. ജനാധിപത്യത്തിൽ നെടുന്തൂണുകളായ നിയമനിർമാണ സഭ, ഭരണനിർവഹണം, നീതിപീഠം എന്നിവ ഇല്ലാതാക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ജനശബ്ദം സംരക്ഷിക്കാൻ കോൺഗ്രസ് മുന്നിട്ടിറങ്ങും.
ബി.ജെ.പി-ആർ.എസ്.എസ് ഒത്താശയിൽ വിദ്വേഷവും അതിക്രമവും വർധിക്കുന്നത് അവഗണിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനത്തിനും സൗഹാർദത്തിനും വേണ്ടി ശബ്ദിച്ചിട്ടു തന്നെയില്ല. നീതി ലഭ്യമാക്കുന്നതു പോയിട്ട്, കുറ്റക്കാരെ അമർച്ച ചെയ്യാൻ പോലും ഒന്നും ചെയ്തിട്ടില്ല. മതാഘോഷ വേളകൾ മറ്റുള്ളവരെ പീഡിപ്പിക്കാനും അവഹേളിക്കാനുമുള്ള അവസരങ്ങളാക്കി മാറ്റുന്നു. ഭാഷ, മതം, ജാതി എന്നിവയുടെയെല്ലാം പേരിൽ വിവേചനമാണ്.
നിത്യജീവിത പ്രശ്നങ്ങളിൽ തൊടാത്ത പ്രധാനമന്ത്രിയുടെ തുടർച്ചയായ പ്രസ്താവനകൾ ജനശ്രദ്ധ തിരിക്കാൻ പാകത്തിലുള്ള വാക്കിന്റെ കസർത്ത് മാത്രമാണ്. പ്രധാനമന്ത്രിയുടെ ശ്രമം എന്തായിരുന്നാലും ജനങ്ങളെ നിശ്ശബ്ദരാക്കാൻ കഴിയില്ല -ദി ഹിന്ദു പത്രത്തിലെ ലേഖനത്തിൽ സോണിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.