ഡറാഡൂൺ: മണ്ണിടിച്ചിലിനെത്തുടർന്ന് മുങ്ങിക്കൊണ്ടിരിക്കുന്ന ഉത്തരാഖണ്ഡിലെ ജോഷിമഠിൽ അപകടാവസ്ഥയിലായ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാനുള്ള നടപടി തുടങ്ങി. പരസ്പരം ചരിഞ്ഞ് ഭീഷണി വിതക്കുന്ന മലരി ഇൻ, മൗണ്ട് വ്യൂ എന്നീ ഹോട്ടലുകളാണ് ആദ്യം പൊളിക്കുന്നത്. എക്സ്കവേറ്ററുകളും ടിപ്പറുകളും ക്രെയിനുകളും സ്ഥലത്തെത്തിച്ചിരുന്നു. ഈ ഹോട്ടലുകൾ ചരിഞ്ഞുനിൽക്കുന്നത് പരിസരത്തുള്ള വീടുകളുടെ സുരക്ഷയെ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് പൊളിച്ചുമാറ്റാൻ ഭരണകൂടം തീരുമാനിച്ചത്.
എന്നാൽ, ഹോട്ടൽ പൊളിക്കുന്നതുസംബന്ധിച്ച് ഒരു നോട്ടീസ് പോലും ലഭിച്ചിട്ടില്ലെന്ന് മലരി ഇൻ ഹോട്ടൽ ഉടമ താക്കൂർ സിങ് റാണ പറഞ്ഞു. ജനങ്ങളുടെ സുരക്ഷയെക്കരുതി കെട്ടിടം പൊളിക്കുന്നതിൽ എതിർപ്പില്ലെന്നും പക്ഷേ നോട്ടീസ് നൽകണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മലരി ഇൻ ഹോട്ടലാണ് ആദ്യം പൊളിക്കുന്നത്. കെട്ടിടങ്ങളുടെ മേൽഭാഗം സ്ഫോടകവസ്തുക്കളുപയോഗിക്കാതെ ആദ്യം പൊളിച്ചുമാറ്റുമെന്ന് സംസ്ഥാന ദുരന്ത കർമസേന കമാൻഡന്റ് മണികണ്ഠ് മിശ്ര പറഞ്ഞു.
ശാസ്ത്രസംഘത്തിന്റെ മേൽനോട്ടത്തിലും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലുമാണ് പൊളിക്കൽ നടപടികൾ തുടങ്ങിയത്. പരിസരത്തുള്ള കൂടുതൽ വിള്ളൽ വീണ കെട്ടിടങ്ങളും ഉടൻ പൊളിക്കുമെന്ന് മണികണ്ഠ് മിശ്ര അറിയിച്ചു. ചൊവ്വാഴ്ച ജോഷിമഠിൽ സന്ദർശനം നടത്തിയ കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് സൈനിക ഉദ്യോഗസ്ഥരടക്കമുള്ളവരുമായി ചർച്ച നടത്തി.
678ലധികം വീടുകൾക്ക് വിള്ളൽ വീണതായി ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. പല സ്ഥലങ്ങളിലും റോഡുകൾ തകർന്നു. പലയിടങ്ങളിലും ഭൂമിക്കടിയിൽനിന്ന് വെള്ളം ഒഴുകിക്കൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.