വിദ്വേഷ വിഷംതുപ്പി ഡൽഹിയിൽ ​'ഹിന്ദു മഹാ പഞ്ചായത്ത്'​; മാധ്യമപ്രവർത്തകരെ ആക്രമിച്ചു​

ന്യൂഡൽഹി: വംശീയ ഉൻമൂലനം ആഹ്വാനം ചെയ്ത് വർഗീയ വിദ്വേഷ പ്രചാരണവുമായി ഡൽഹിയിൽ ഹിന്ദു മഹാ പഞ്ചായത്ത്. ഹരിദ്വാറിൽ ഹിന്ദു ധരം സൻസദ്​ നടത്തിയ കേസിലെ പ്രതി യതി നരസിംഘാനന്ദി‍െൻറ ശിഷ്യനായ പ്രീത്​ സിങ്​ 'സേവ്​ ഇന്ത്യ ഫൗണ്ടേഷൻ' ബാനറിലാണ്​ ​പരിപാടി സംഘടിപ്പിച്ചത്​.

വിദ്വേഷ പ്രചാരണത്തിന്​ സുപ്രീംകോടതിയിൽ കേസ്​ നേരിടുന്ന 'സുദർശൻ' ടി.വി ന്യൂസ്​ എഡിറ്റർ സുരേഷ്​ ചാവ്ഹ​​ങ്കെയായിരുന്നു മുഖ്യാതിഥി. വേദിയിൽ വിദ്വേഷ പ്രചാരണം ആവർത്തിച്ച നരസിംഘാനന്ദ്, ഹിന്ദുക്കൾ ആയുധമെടുക്കണമെന്ന്​ ആഹ്വാനം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

കഴിഞ്ഞ വർഷം ജന്തർമന്തറിൽ മുസ്​ലിംകളുടെ വംശീയ ഉന്മൂലനത്തിന്​ ആഹ്വാനം ചെയ്ത ഹിന്ദുത്വ തീവ്രവാദികൾ ഡൽഹിക്കടുത്തുള്ള ബുരാരി ഗ്രൗണ്ടിലാണ് ഇത്തവണ​ 'ഹിന്ദു മഹാ പഞ്ചായത്ത്​' സംഘടിപ്പിച്ചത്. ഡൽഹി പൊലീസ്​ അനുമതി നിഷേധിച്ചിട്ടും പരിപാടി നടത്തുകയായിരുന്നു. ഇതു റിപ്പോർട്ട്​ ചെയ്യാൻപോയ ഏഴു മാധ്യമ പ്രവർത്തകരെയാണ് സംഘംചേർന്ന് ആക്രമിച്ചത്. ഇവർ പകർത്തിയ ചിത്രങ്ങളും വിഡിയോകളും നശിപ്പിക്കുകയും ചെയ്തു. ആക്രമിക്കപ്പെട്ടവരിൽ നാലും​ മുസ്​ലിം മാധ്യമപ്രവർത്തകരാണ്​. മതം ചോദിച്ചാണ് ഇവരെ ആക്രമിച്ചതെന്ന് സ്ക്രോൾ. ഇൻ റിപ്പോർട്ട് ചെയ്തു.

'ഒരു മുസ്‍ലിം പ്രധാനമന്ത്രിയായാൽ 20 വർഷത്തിനകം 50 ശതമാനം ഹിന്ദുക്കളും ഇസ്‍ലാമിലേക്ക് മതംമാറ്റപ്പെടുമെന്നും 40 ശതമാനം പേർ കൊല്ലപ്പെടുമെന്നും ബാക്കി പത്തു​ശതമാനം പേർ അഭയാർഥികളാക്കപ്പെടുമെന്നും അല്ലെങ്കിൽ മറ്റേതെങ്കിലും രാജ്യത്ത് ജീവിക്കേണ്ടി വരുമെന്നും' സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോയിൽ നരസിംഘാനന്ദ് പറയുന്നു. 2029ലോ 2034ലോ 2039ലോ ആണ് ഒരു മുസ്‍ലിം പ്രധാനമന്ത്രിയാകാൻ സാധ്യതയുള്ളതെന്നു പറയുന്ന അദ്ദേഹം ഇതാണ് ഹിന്ദുക്കളുടെ ഭാവിയെന്നും അതിനാൽ ആയുധമെടുക്കണമെന്നും ആവർത്തിക്കുന്നുണ്ട്.

Article 14 ന് വേണ്ടി റിപ്പോർട്ട് ചെയ്യാനെത്തിയ ഫ്രീലാൻസ്​ ജേണലിസ്​റ്റ് അർബാബ്​ അലി, ഹിന്ദുസ്ഥാൻ ഗസറ്റിലെ മാധ്യമപ്രവർത്തകൻ മീർ ഫൈസൽ, ഫോട്ടോ ജേണലിസ്റ്റ്​ മുഹമ്മദ്​ മെഹർബാൻ, ദി ക്വിന്‍റ്​ പ്രിൻസിപ്പൽ കറസ്​പോണ്ടന്‍റ്​ മേഘ്നാഥ്​ ബോസ്, ന്യൂസ്​ ലോൺഡ്രി പ്രൊഡ്യൂസർ റോണക്​ ഭട്ട്​, റിപ്പോർട്ടർ ശിവാംഗി സക്​സേന എന്നിവർക്കാണ് പരിപാടിക്കിടെ മർദനമേറ്റത്. The Quintന് വേണ്ടി റിപ്പോർട്ട് ചെയ്യാനെത്തിയ മുസ്​ലിം റിപ്പോർട്ടറുടെ പേര്​ വെളിപ്പെടുത്തിയിട്ടില്ല.

പരിപാടിക്കെത്തിയപ്പോൾ 'ജിഹാദി'കൾ എന്നു വിളിച്ച്​ തങ്ങളെ അതി​ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് അർബാബ്​ അലി പറഞ്ഞു. "അവർ വിഷം ചീറ്റുകയും വർഗീയ പ്രസംഗങ്ങൾ നടത്തുകയും ചെയ്തു. മീർ ഫൈസലും ഞാനും ആളുകളുടെ ഇന്റർവ്യൂ എടുക്കുകയായിരുന്നു. അക്രമിസംഘം ഞങ്ങളുടെ അടുത്ത് വന്ന് ക്യാമറകളും ഫോണുകളും തട്ടിയെടുത്തു. അവർ ഞങ്ങളുടെ പേരുകൾ ചോദിച്ചു. ഞാനും മീറും പേര് പറഞ്ഞപ്പോൾ അവർ ഞങ്ങളെ ജിഹാദി എന്ന് വിളിച്ചു' -അക്രമത്തിനിരയായ അർബാബ്​ അലി ട്വീറ്റിൽ ചെയ്തു.

ജന്തർമന്തറിൽ മുസ്​ലിംകൾക്കെതിരെ വിദ്വേഷ ആഹ്വാനം മുഴക്കിയത്​ വാർത്തയാക്കിയ ​ശിവാംഗിയെ തിരിച്ചറിഞ്ഞാണ്​ ആക്രമിച്ചത്​. ജനക്കൂട്ടം തങ്ങൾക്കെതിരെ തിരിഞ്ഞ​തോടെ ചില റിപ്പോർട്ടർമാർ പൊലീസിൽ അഭയം തേടി.

അലിയെയും ഫൈസലിനെയും പൊലീസ് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഹിന്ദുത്വവാദികൾ തടയാൻ ശ്രമിച്ചു. പിന്നീട്, സാധാരണ വേഷത്തിലെത്തിയ ചില പൊലീസുകാർ അവരെ ഒരു വാനിലേക്ക് തള്ളിയിട്ടാണ് രക്ഷിച്ചത്. ഇതിനുപിന്നാലെ അക്രമിസംഘത്തിലൊരാൾ വാനിൽ കയറി പോലീസുകാരനെ മർദിക്കുകയും ചെയ്തു.

മാധ്യമപ്രവർത്തകരെ ഡൽഹി പൊലീസ്​ ആണ് മുഖർജി നഗർ സ്​റ്റേഷനിലെത്തിച്ചത്. മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്തത​ല്ലെന്നും സംരക്ഷണം നൽകിയതാണെന്നും ​പൊലീസ്​ കൂട്ടി​ച്ചേർത്തു.

Tags:    
News Summary - Journalists attacked at Hindutva event in Delhi as mob calls Muslim reporters ‘jihadi’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.