ന്യൂഡൽഹി: ബിഹാറിലെ പട്നയിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ സംഗമത്തെ പരിഹസിച്ച് ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി.നദ്ദ. ബിഹാറിൽ കുഴപ്പമുണ്ടാക്കാനാണ് ഈ പ്രതിപക്ഷ പാർട്ടികൾ ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നാണ് നദ്ദ ആരോപിച്ചത്.
രാഹുൽ ഗാന്ധിയുടെ മുത്തശ്ശിയായ ഇന്ദിരാ ഗാന്ധി കാരണം ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് 22 മാസം അഴിയെണ്ണേണ്ടി വന്നുവെന്ന കാര്യം ബിഹാറുകാർ തന്ത്രപൂർവം മറന്നുവെന്നും ജെ.പി. നദ്ദ പറഞ്ഞു.
''ഞാൻ വളരെ അദ്ഭുതപ്പെട്ടിരിക്കുകയാണ്. ഈ പ്രതിപക്ഷ നേതാക്കൾ എല്ലാം കൂടി ബിഹാറിൽ കുഴപ്പമുണ്ടാക്കാനായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ മുത്തശ്ശി കാരണമാണ് ലാലു പ്രസാദ് യാദവ് 22 മാസം ജയിലിൽ കഴിയേണ്ടി വന്നതെന്ന കാര്യം ബിഹാർ ജനത മറന്നിരിക്കുന്നു.
നിതീഷ് കുമാറിന് അഴിയെണ്ണേണ്ടി വന്നത് 20 മാസമാണ്. പട്നയുടെ മണ്ണിൽ വെച്ച് രാഹുൽ ഗാന്ധി അദ്ദേഹത്തെ സ്വാഗതം ചെയ്യുന്ന ചിത്രങ്ങൾ കാണുമ്പോൾ രാഷ്ട്രീയത്തിന് എന്തു സംഭവിച്ചു എന്ന് ആശ്ചര്യപ്പെടുകയാണ് ഞാൻ.''-എന്നാണ് ജെ.പി നദ്ദയുടെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ ഉദ്ധരിച്ച് ബി.ജെ.പി ട്വീറ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.