അഹ്മദാബാദ്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ ലോകത്തിന് സമ്മാനിച്ച ദേശത്തെ വർഗീയഭീകരതയുടെ അടയാളവാക്യമാക്കി മാറ്റിയ ഗുജറാത്ത് വംശഹത്യ നടമാടിയിട്ട് ഇരുപതാണ്ട്. ഗോധ്രയിലെ ട്രെയിൻ തീവെപ്പിന്റെ പാപഭാരം മുസ്ലിം സമുദായത്തിനുമേൽ ചുമത്തി 2002 ഫെബ്രുവരി 28 മുതൽ ഭരണകൂടത്തിന്റെ ഒത്താശയോടെ അരങ്ങേറിയ വർഗീയ അതിക്രമങ്ങൾ ആയിരത്തിലേറെ പേരുടെ ജീവനെടുത്തു. പതിനായിരങ്ങളെ ഭവനരഹിതരും സ്വന്തം നാട്ടിൽ അഭയാർഥികളുമാക്കി. നിരവധി ആരാധനാലയങ്ങൾ തകർത്തു, ശതകോടികളുടെ സ്വത്ത് കൊള്ളയടിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തു. അതിനെല്ലാമുപരി, ഇന്ത്യ എന്ന മതേതര രാഷ്ട്രവും അതിന്റെ രാഷ്ട്രീയവും കീഴ്മേൽ മറിക്കപ്പെട്ടു.
1,044 പേർ കൊല്ലപ്പെട്ടെന്നും 223പേരെ കാൺമാനില്ലെന്നുമാണ് ഔദ്യോഗിക കണക്ക്. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ നേതൃത്വം നൽകിയ ജനകീയ വസ്തുതാന്വേഷണ സംഘം 1,926 പേർക്ക് ജീവഹാനി സംഭവിച്ചെന്നാണ് വിലയിരുത്തിയത്. ചുരുക്കം ചില സംഭവങ്ങളിൽ മാത്രമാണ് കൃത്യമായ കേസന്വേഷണവും ശിക്ഷാവിധിയുമുണ്ടായത്. കൂട്ടക്കൊലകളും സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങളും കൊള്ളയും തുല്യതയില്ലാത്ത ക്രൂരതകളും നടപ്പാക്കിയവരിൽ അധികപേരും ഇന്നും അശിക്ഷിതരായി കഴിയുന്നു, ചിലർ അധികാര സ്ഥാനങ്ങളിൽ വാഴുന്നു. ഉറ്റവരെ നഷ്ടപ്പെട്ടവരും ജീവിതം തകർന്നുപോയവരും നീതിക്കായി കാത്തിരിപ്പ് തുടരുകയാണിപ്പോഴും.
അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയും ഭരണകൂടവും കലാപത്തിൽ വഹിച്ച പങ്ക് വെളിപ്പെടുത്തിയ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനെ പഴയ ഒരു കേസിന്റെ പേരിൽ ജയിലിലടച്ചിരിക്കുകയാണ്. അതിക്രമങ്ങളെക്കുറിച്ച് മൊഴി നൽകിയ മലയാളിയായ മുൻ ഡി.ജി.പി ആർ.ബി. ശ്രീകുമാറിനെയും കേസിൽ കുടുക്കാൻ ശ്രമം നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.