ലോക ഭാഷയായ അറബിക്കിന് ഐക്യ രാഷ്ട്രസഭയുടെ അംഗീകാരം ലഭിച്ചിട്ട് അമ്പത്തി ഒന്ന് വർഷം പൂർത്തിയാവുകയാണ്. പഠിക്കുന്നവരുടെയും പഠിപ്പിക്കുന്നവരുടെയും എണ്ണം വർധിക്കുകയും സാങ്കേതിക വിദ്യകളിൽ അതിന്റെ സാധ്യതകൾ ഉപയോഗിക്കപ്പെടുകയും ചെയ്യുന്നത് ഈ ഭാഷയുടെ അന്താരാഷ്ട്രതലത്തിൽ ശക്തിപ്പെടുന്ന സ്വീകാര്യതയാണ് വ്യക്തമാക്കിത്തരുന്നത്.
1973 ഡിസംബർ 18 നാണ് അറബിക്കിനെ ഐക്യരാഷ്ട്രസഭ ആറ് ഔദ്യോഗിക ഭാഷകളിലൊന്നായി അംഗീകരിച്ചത്. ചൈനീസ്, ഫ്രഞ്ച്, ഇംഗ്ലീഷ്, റഷ്യൻ, സ്പാനിഷ് എന്നിവയാണ് ആ പട്ടികയിലിടം പിടിച്ച മറ്റു ലോകഭാഷകൾ. 2010 മുതൽ ഡിസംബർ 18 അറബി ഭാഷാ ദിനമായി ആചരിച്ചുവരുന്നു.
ലോകമെമ്പാടുമുള്ള 460 ദശലക്ഷത്തിലധികം ആളുകൾ സംസാരിക്കുന്ന, ആശയ സമ്പുഷ്ടത കൊണ്ടും പദസമ്പത്ത് കൊണ്ടും മികവുറ്റ അറബിക് കേരളത്തിൽ 1911 മുതൽ ഔപചാരികമായി പഠിപ്പിച്ചുവരുന്നുണ്ട്. മലയാളികൾക്കിടയിലെ അറബി ഭാഷയുടെ സ്വാധീനഫലമായി അറബി മലയാളം എന്ന ഭാഷ നേരത്തേ തന്നെ ഈ മണ്ണിൽ ഉടലെടുത്തിരുന്നു. മദ്റസകളിലും പള്ളി ദർസുകളിലും മാത്രമായിരുന്നു മുൻപ് അറബിക് പഠനമെങ്കിൽ പിന്നീട് കേരളത്തിലെ നിരവധി സ്കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ ഒരു വിഷയമായി പഠിപ്പിക്കാൻ തുടങ്ങി.
അറബി മുഖ്യവിഷയമായി ബിരുദ-ബിരുദാനന്തര ബിരുദ കോഴ്സുകളും ഗവേഷണ സൗകര്യങ്ങളും കേരളത്തിലെ വിവിധ സർവകലാശാലകളിലുണ്ട്.ജെ.എൻ.യു ഉൾപ്പെടെ രാജ്യത്തെ പ്രമുഖ സർവകലാശാലകളിലും അറബിക് പഠനത്തിന് മികച്ച സൗകര്യങ്ങളുണ്ട്. അറബി ഭാഷയിൽ മികച്ച പരിജ്ഞാന മുള്ളവർക്ക് വിദേശരാജ്യങ്ങളുടെ എംബസികളിൽ ഏറെ തൊഴിൽ സാധ്യതകളുണ്ട്.
അറബി ബിരുദം ഉള്ളവർക്ക് ഇന്ത്യൻ പ്രതിരോധ സേനയിൽ ജൂനിയർ കമ്മീഷൻഡ് ഓഫീസർ (മതാധ്യാപകൻ)ആകാനും അവസരമുണ്ട്. തൊഴിൽ-ഉപരിപഠന സാധ്യതകളുടെ വെളിച്ചത്തിൽ അറബിക്കിന് പ്രാധാന്യം നൽകിയുള്ള നഴ്സറി ക്ലാസുകൾ മുതൽ വിദേശ രാജ്യങ്ങളിലേക്ക് പോകുവാനുള്ളവർക്ക് തയാറെടുപ്പിനായുള്ള പ്രത്യേക കോഴ്സുകൾ വരെ ഇവിടെ നടക്കുന്നു. എന്നിരിക്കിലും ഒരു അറബിക് സർവകലാശാല സ്വപ്നമായി തുടരുന്നു.
(കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന സമിതി അംഗമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.