ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ച ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്) നേതാവും തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ. കവിത മോചിതയായി. അഞ്ച് മാസങ്ങൾക്കുശേഷം ജയിലിൽനിന്ന് പുറത്തിറങ്ങുന്ന കവിതയെ സ്വീകരിക്കാൻ ജയിൽ സമുച്ചയത്തിന് മുന്നിൽ ബി.ആർ.എസ് പ്രവർത്തകർ ആഘോഷം ഒരുക്കിയിരുന്നു. കവിതയുടെ സഹോദരനും ബി.ആർ.എസ് വർക്കിങ് പ്രസിഡന്‍റുമായ കെ.ടി രാമറാവുവും സ്ഥലത്തെത്തിയിരുന്നു.
ഞങ്ങൾ പോരാളികളാണ്, നിയമപരമായും രാഷ്ട്രീയമായും ഞങ്ങൾ ഇതിനെ ചെറുക്കും. അവർ ബി.ആർ.എസിന്‍റെയും കെ.സി.ആറിന്‍റെയും ടീമിനെ തകർക്കാനാകാത്തവരാക്കി മാറ്റുക മാത്രമാണ് ചെയ്തത് -കവിത പ്രതികരിച്ചു.
കവിതയുടെ ജാമ്യാപേക്ഷ തള്ളിയ ഡൽഹി ഹൈകോടതിയെ വിമർശിച്ച് കഴിഞ്ഞ ദിവസം സുപ്രീംകോടതിയാണ് കവിതക്ക് ജാമ്യം അനുവദിച്ചത്. ചില പ്രതികളെ കേസിലെ മാപ്പുസാക്ഷികളാക്കി മാറ്റിയതിന്റെ സാംഗത്യം ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ച് ചോദ്യം ചെയ്തു. തോന്നുന്ന ആരെയും നാളെ നിങ്ങൾക്ക് പൊക്കാനാകുമോ എന്ന് സുപ്രീംകോടതി സി.ബി.ഐയോടും ഇ.ഡിയോടും ആരാഞ്ഞു. ചിലരെ തെരഞ്ഞെടുത്ത് പ്രതിയാക്കാൻ പറ്റില്ല. അതിലെവിടെയാണ് നീതി? കവിതയുടെ ജാമ്യാപേക്ഷയെ ഇനിയുമെതിർത്താൽ കോടതിക്ക് കടുത്ത ചില നിരീക്ഷണങ്ങൾ നടത്തേണ്ടിവരുമെന്ന് കേന്ദ്ര ഏജൻസികൾക്കുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവിന് ജസ്റ്റിസ് ബി.ആർ. ഗവായ് മുന്നറിയിപ്പ് നൽകി.
സി.ബി.ഐയും ഇ.ഡിയും അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ അഞ്ചുമാസം ജയിലിലിട്ട കവിതയെ ഇനിയും ജയിലിലിടേണ്ട കാര്യമില്ലെന്ന് കോടതി വ്യക്തമാക്കി. ഡല്‍ഹിയില്‍ പുതിയ മദ്യനയം കൊണ്ടുവന്നപ്പോൾ ആം ആദ്മി പാർട്ടിക്ക് 100 കോടി നല്‍കിയ സൗത്ത് ഗ്രൂപ് കമ്പനിയുമായി കവിതക്ക് ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു ഡൽഹി മുഖ്യമന്ത്രി കെജ്രിവാൾ കൂടി പ്രതിയായ കേസിൽ കവിതയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.