കമൽ ഹാസന്റെ എം.എൻ.എം കോൺഗ്രസുമായി ലയിക്കുന്നുവെന്ന് പാർട്ടി വെബ് സൈറ്റ്, ഹാക്ക് ചെയ്യപ്പെട്ടെന്ന് പാർട്ടി

ചെന്നൈ: ഉലകനായകൻ കമൽഹാസന്റെ രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. www.maiam.com എന്ന സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടതെന്ന് പാർട്ടി അറിയിച്ചു. കോൺഗ്രസുമായി പാർട്ടി ലയിക്കാൻ പോകുന്നുവെന്ന വാർത്ത സൈറ്റിൽ വന്നതോടെയാണ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതെന്ന് വ്യക്തമായത്.

‘2024 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മക്കൾ നീതി മയ്യത്തിന്റെ വൻ പ്രഖ്യാപനം’ എന്ന തലക്കെട്ടോടുകൂടിയാണ് വെബ്സൈറ്റിൽ പത്രക്കുറിപ്പ് പ്രസിദ്ധീകരിച്ചത്. 2023 ജനുവരി 30നാണ് ഔദ്യോഗികമായ ലയനം എന്നായിരുന്നു കുറിപ്പിൽ വ്യക്തമാക്കിയിരുന്നത്.

സൈറ്റ് നിലവിൽ പ്രവർത്തന രഹിതമാണ്. പാർട്ടി ഇത്തരമൊരു ലയനത്തെ കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലെന്നും ഈ വാർത്ത വ്യാജമാണെന്നും തങ്ങളുടെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും പാർട്ടി വക്താവ് മുരളി അബ്ബാസ് പറഞ്ഞു.

ട്വിറ്റർ അക്കൗണ്ടലൂടെയും വെബ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട വിവരം പാർട്ടി പൊതുജനങ്ങളെ അറിയിച്ചിട്ടുണ്ട്.

അതേസമയം, കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര ഡൽഹിയിൽ എത്തിയപ്പോൾ കമൽ ഹാസനും രാഹുലിനൊപ്പം യാത്രയില അണി ചേർന്നിരുന്നു. ഇതേ കുറിച്ച് ചോദിച്ചപ്പോൾ, ‘ഭാരതത്തിന്റെ നഷ്ടപ്പെട്ട ധാർമ്മികത വീണ്ടെടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്, ഭാരത് ജോഡോ കാമ്പയിൻ രാഷ്ട്രീയത്തിന് അതീതമായ യാത്രയാണ്’ എന്നായിരുന്നു കമൽഹാസൻ പറഞ്ഞിരുന്നത്.

ഈറോഡ് ഈസ്റ്റ് അസംബ്ലി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുള്ള ഭരണകക്ഷിയായ ഡി.എം.കെ സഖ്യത്തിന്റെ കോൺഗ്രസ് സ്ഥാനാർഥിക്ക് അദ്ദേഹം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നിരുപാധിക പിന്തുണയും നൽകിയിരുന്നു.

‘ജനങ്ങളുടെ കാര്യം വരുമ്പോൾ അതിൽ ഒരു വിട്ടുവീഴ്ചയും ഇല്ല. ഞാൻ കടുംപിടുത്തക്കാരനല്ല. പ്രത്യയശാസ്ത്രം ജനങ്ങൾക്ക് ലഭിക്കേണ്ട സേവനത്തെ തടസ്സപ്പെടുത്തരുത്. ഏക സംസ്കാരം വളർത്തുന്നതിനെ ഞാൻ ​വെറുക്കുന്നു. ഈ ചെറിയ സ്ഥലത്തു നിന്നാരംഭിച്ച എന്റെ പ്രവർത്തികൾ ദേശീയ തലത്തിലേക്ക് വ്യാപിക്കും’ കമൽ ഹാസൻ പറഞ്ഞു.

Tags:    
News Summary - Kamal Haasan's Party's Website Hacked, News Of Merger With Congress Posted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.