കർഷക വിരുദ്ധ പരമാർശത്തിൽ കങ്കണയെ വിടാതെ ബി.ജെ.പി; ബി.ജെ.പിയുടെ കർഷക വിദ്വേഷം രാജ്യം തിരിച്ചറിയുന്നുവെന്ന് ഖാർഗെ

ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ തിരികെ കൊണ്ടുവരണമെന്ന പരാമർശത്തിൽ പാർട്ടിയുടെ മാണ്ഡി എം.പി കങ്കണ റണാവത്ത് ക്ഷമാപണം നടത്തിയതിനുശേഷവും അവരെ തള്ളിപ്പറഞ്ഞ് ബി.ജെ.പി. കങ്കണയുടെ അഭിപ്രായങ്ങൾ ‘അടിസ്ഥാനരഹിതവും യുക്തിരഹിതവുമാ​ണെ’ന്ന് ദേശീയ വക്താവ് ജയ്‌വീർ ഷെർഗിൽ പറഞ്ഞു. അവരുടെ യുക്തിരഹിതമായ പ്രസ്താവനകൾ പഞ്ചാബി​ന്‍റെ ക്ഷേമത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ നല്ല പ്രവർത്തനങ്ങളെ തകർക്കുന്നതായും പഞ്ചാബിലെ കർഷകരുമായുള്ള അദ്ദേഹത്തി​ന്‍റെ ബന്ധം ഒരു എം.പി നടത്തുന്ന നിരുത്തരവാദപരമായ അഭിപ്രായങ്ങളുടെ കണ്ണിലൂടെ കാണരുതെന്നും ഷെർഗിൽ പറഞ്ഞു. ഒരു പഞ്ചാബി എന്ന നിലയിൽ കങ്കണ റണാവത്ത് സിഖ് സമുദായത്തിനെതിരെ നിരന്തര പരിഹാസവും ഉപയോഗശൂന്യവും അടിസ്ഥാനരഹിതവും യുക്തിരഹിതവുമായ പ്രസ്താവനകൾ നടത്തുന്നുവെന്നും ഷെർഗിൽ കൂട്ടിച്ചേർത്തു.

വിവാദമായതിനെ തുടർന്ന് ബുധനാഴ്ച റണാവത്ത് ത​ന്‍റെ പരാമർശം പിൻവലിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ത​ന്‍റെ വ്യക്തിപരമായ അഭിപ്രായമാണെന്നും പാർട്ടിയുടെ നിലപാടിനെ അത് പ്രതിനിധീകരിക്കുന്നില്ലെന്നും അവർ പറഞ്ഞു. ‘അസാധുവാക്കപ്പെട്ട കാർഷിക നിയമങ്ങൾ തിരികെ കൊണ്ടുവരണം. കർഷകരുടെ താൽപര്യങ്ങൾക്കുള്ള നിയമങ്ങൾ തിരികെ കൊണ്ടുവരാൻ കർഷകർ തന്നെ ആവശ്യപ്പെടണം. അങ്ങനെ ചെയ്താൽ അവരുടെ അഭിവൃദ്ധിക്ക് ഒരു തടസ്സവുമാകില്ല. ഇന്ത്യയുടെ പുരോഗതിയിൽ കർഷകർ ശക്തിയുടെ നെടുംതൂണാണ്. ചില സംസ്ഥാനങ്ങളിൽ മാത്രമാണ് അവർ കാർഷിക നിയമങ്ങളെ എതിർത്തത്. കർഷകരുടെ താൽപര്യം കണക്കിലെടുത്ത് ആ നിയമങ്ങൾ തിരികെ കൊണ്ടുവരണമെന്ന് ഞാൻ കൂപ്പുകൈകളോടെ അപേക്ഷിക്കുന്നുവെന്നാ’യിരുന്നു കങ്കണയുടെ പ്രസ്താവന.

ബി.ജെ.പിക്ക് വേണ്ടി ഇത്തരം പ്രസ്താവനകൾ നടത്താൻ മാണ്ഡി എം.പിക്ക് അധികാരമില്ലെന്ന് പാർട്ടി വക്താവ് ഗൗരവ് ഭാട്ടിയ നേരത്തെ തള്ളിപ്പറഞ്ഞിരുന്നു. കാർഷിക ബില്ലുകളെക്കുറിച്ചുള്ള ബി.ജെ.പിയുടെ കാഴ്ചപ്പാടിനെ ഇത് ചിത്രീകരിക്കുന്നില്ലെന്നും പ്രസ്താവനയെ അംഗീകരിക്കുന്നില്ലെന്നും ഭാട്ടിയ പറഞ്ഞു.

ബി.ജെ.പി എം.പി നടത്തിയ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രംഗത്തെത്തി. ഇതിന് ഹരിയാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ബി.ജെ.പിക്ക് ഉചിതമായ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. 750 കർഷകരുടെ രക്തസാക്ഷിത്വത്തിനുശേഷവും കർഷക വിരുദ്ധരായ ബി.ജെ.പി.യും മോദി സർക്കാരും തങ്ങളുടെ ഗുരുതരമായ കുറ്റകൃത്യം തിരിച്ചറിഞ്ഞില്ല. മൂന്ന് കർഷക വിരുദ്ധ കരി നിയമങ്ങൾ വീണ്ടും നടപ്പാക്കുന്നതിനെ കുറിച്ച് ആലോചന നടക്കുന്നുണ്ട്. കോൺഗ്രസ് ഇതിനെ ശക്തമായി എതിർക്കുന്നു. 62 കോടി കർഷകരുടെ ​പ്രതിനിധികളെ വാഹനത്തിനടിയിൽ വീഴ്ത്തിയും മുള്ളുവേലി ഉപയോഗിച്ചും ഡ്രോണുകളിൽ നിന്നുള്ള കണ്ണീർവാതകങ്ങളും തോക്കുകളുംകൊണ്ടും മോദി സർക്കാർ ആ​ക്രമിച്ചത് മറക്കില്ല. കർഷകർക്കെതിരെ പ്രധാനമന്ത്രി തന്നെ പാർലമെന്‍റിൽ നടത്തിയ ആന്ദോളൻജീവി, പരാന്നഭോജികൾ എന്നിങ്ങനെയുള്ള അധിക്ഷേപകരമായ പരാമർശങ്ങൾക്ക് ഇത്തവണ ഹരിയാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ തക്ക മറുപടി നൽകുമെന്നും കോൺഗ്രസ് അധ്യക്ഷൻ ‘എക്സി’ലെ പോസ്റ്റിൽ പറഞ്ഞു.

മോദിജിയുടെ പ്രസ്താവനകൾ കാരണം അദ്ദേഹത്തി​ന്‍റെ മന്ത്രിമാരും എം.പിമാരും കർഷകരെ അപമാനിക്കുന്നത് ശീലമാക്കിയെന്നും അദ്ദേഹം ആരോപിച്ചു. 2022ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും താങ്ങുവില നടപ്പാക്കുമെന്നും താങ്ങുവിലക്ക് നിയമപരമായ ഗ്യാരണ്ടി നൽകുമെന്നും രാജ്യത്തെ ഭക്ഷ്യോൽപാദകർക്ക് നൽകിയ മൂന്ന് വാഗ്ദാനങ്ങൾ 10 വർഷത്തിനുള്ളിൽ തന്നെ മോദി സർക്കാർ ലംഘിച്ചു. കർഷകപ്രക്ഷോഭം പിൻവലിച്ചപ്പോൾ മോദി ഒരു​ സർക്കാർ കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു. അത് ഇപ്പോഴും കോൾഡ് സ്റ്റോറേജിലാണ്. എം.എസ്.പിയുടെ നിയമപരമായ ഗ്യാരണ്ടിക്ക് എതിരാണ് മോദി സർക്കാറെന്നും അദ്ദേഹം ആരോപിച്ചു.

മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് ഒരു ആശ്വാസവും നൽകിയിട്ടില്ലെന്നും പാർലമെന്‍റിൽ അവരുടെ സ്മരണക്കായി രണ്ട് മിനിറ്റ് മൗനം ആചരിക്കുന്നത് പോലും മോദി സർക്കാർ ഉചിതമായി പരിഗണിച്ചില്ലെന്നും ഖാർഗെ കുറ്റ​പ്പെടുത്തി. എന്നാൽ, കർഷകരുടെ സ്വഭാവഹത്യ മുടങ്ങാതെ നടത്തുന്നുമുണ്ട്. ബി.ജെ.പിയുടെ എല്ലാ തലങ്ങളിലും കർഷക വിരുദ്ധ വിദ്വേഷ മനോഭാവം ഉണ്ടെന്ന് രാജ്യം മുഴുവൻ മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് വക്താവ് സുപ്രിയ ശ്രിനേറ്റും മാധ്യമ, പബ്ലിസിറ്റി വിഭാഗം മേധാവി പവൻ ഖേരയും കങ്കണയെയും ​ബി.ജെ.പിയെയും വിമർശിച്ച് എക്സിൽ പോസ്റ്റുകൾ ഇട്ടു. ഇരട്ടമുഖക്കാരെ, നിങ്ങൾ എത്ര തവണ കർഷകരെ വഞ്ചിക്കും​? -ഹിന്ദിയിലെഴുതിയ പോസ്റ്റിൽ ഖേര ചോദിച്ചു.

Tags:    
News Summary - 'Kangana's baseless, illogical rants against farmers, Sikhs damaging party': BJP spokesperson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.