യു.പി സർക്കാരിന്റെ വിവാദ ഉത്തരവ് അന്നം മുട്ടിക്കുമെന്ന ഭയപ്പാടിൽ ഹിന്ദു, മുസ്‍ലിം തൊഴിലാളികൾ

കൻവാർ യാത്ര: വിവാദ ഉത്തരവിനു പിന്നാലെ തൊഴിൽ നഷ്ടപ്പെടുമെന്ന ഭീതിയിൽ യു.പിയിലെ കടകളിൽ ജോലി ചെയ്യുന്ന ഹിന്ദു-മുസ്‍ലിം ജീവനക്കാർ. പല മുസ്‍ലിം കടകളിലും ജോലിക്ക് നിർത്തിയിരിക്കുന്നത് ഹിന്ദു തൊഴിലാളികളെയാണ്. അതുപോലെ ഹിന്ദു ഉടമകളുടെ കടകളിൽ മുസ്‍ലിംകളും ജോലി ചെയ്യുന്നുണ്ട്. പലർക്കും 400 മുതൽ 600 രൂപ വരെയാണ് ദിവസക്കൂലിയായി ലഭിക്കുന്നത്. അതിനൊപ്പം രണ്ടുനേര​ത്തെ ഭക്ഷണവും ലഭിക്കും.

ഏഴുവർഷമായി ദിവസക്കൂലിക്ക് ധാബയിൽ ജോലി ചെയ്യുകയാണ് ബ്രിജേഷ് പാൽ. ധാബയുടെ ഉടമ മുസ്‍ലിമാണ്. മുസഫർ നഗറിൽ കൻവാർ യാത്ര തുടങ്ങിയാൽ നല്ല കച്ചവടം ലഭിക്കും. ആ സമയത്ത് ഒരുപാട് പേരെ കടയിൽ നിർത്തുകയും ചെയ്യും. എന്നാൽ ഇത്തവണ മറ്റ് ജോലികളെന്തെങ്കിലും നോക്കാനാണ് കടയുടമ മുഹമ്മദ് അർസലൻ ബ്രിജേഷിനോട് ആവശ്യപ്പെട്ടത്. യു.പി സർക്കാരിന്റെ വിവാദ ഉത്തരവ് കച്ചവടത്തെ ബാധിക്കുമെന്നതിനാൽ കൂടുതൽ ജീവനക്കാരെ തീറ്റിപ്പോറ്റാൻ കഴിയി​​ല്ലെന്നാണ് കടയുടമ പറയുന്നത്.

കൻവാർ യാത്ര കടന്നുപോകുന്ന വഴികളിലെ കച്ചവടക്കാർ കടകളിൽ തങ്ങളുടെ പേരെഴുതിയ ബോർഡ് പ്രദർശിപ്പിക്കണമെന്നാണ് മുസഫർനഗർ പൊലീസ് ഉത്തരവിട്ടത്. വിവാദമായതിന് പിന്നാലെ പിൻവലിക്കുന്നതിന് പകരം, സംസ്ഥാനത്തുടനീളം ഉത്തരവ് ബാധകമാണെന്ന് അറിയിക്കുകയായിരുന്നു യോഗി സർക്കാർ. യു.പിയുടെ ചുവടുപിടിച്ച് മധ്യപ്രദേശിലും ഉത്തരാഖണ്ഡിലും വിവാദ പേരെഴുതിയ ബോർഡുകൾ പ്രദർശിപ്പിക്കുന്നതോടെ തീർഥാടകൾ മുസ്‍ലിംകളുടെ കടകളിൽ നിന്ന് ഭക്ഷണം കഴിക്കില്ലെന്നും റിപ്പോർട്ടുകളുണ്ടായി.

നൂറുകണക്കിനാളുകളുടെ ഉപജീവനത്തെ ബാധിക്കുന്നതാണ് വിവാദ ഉത്തരവ്. ഇത് കച്ചവടത്തെ ബാധിക്കുമെന്നാണ് കടയുടമകൾ പറയുന്നത്. ചെറുകിട പഴക്കച്ചവടക്കാരും റസ്റ്റാറന്റുകാരും ചെറുകിട ഹോട്ടൽ കച്ചവടക്കാരും ധാബ നടത്തുന്നവരും ഈ ഭീതിയിലാണ്. പല ധാബകളിലെയും ജോലിക്കാരിൽ ഭൂരിഭാഗവും ഹിന്ദുക്കളാണ്. വെജിറ്റേറിയൻ ഭക്ഷണം മാത്രമാണ് ഇവിടെ വിളമ്പുന്നതും. വെളുത്തുള്ളിയും മൺസൂൺ കാലത്ത് സവാളയും പോലും വിഭവങ്ങളിൽ ഒഴിവാക്കാറുണ്ട്. കച്ചവടം കുറയുന്നതോടെ കടകളിൽ നിന്ന് കൂട്ടമായി ഒഴിവാക്കുമെന്നും ജീവനക്കാർക്ക് ഭയമുണ്ട്. അതുപോലെ ഹിന്ദുക്കളുടെ കടകളിൽ ജോലിചെയ്യുന്ന മുസ്‍ലിംകളും പുറത്താകും. തുടർന്ന് ഉത്തരവിനെതിരെ പരാതിയുമായി പ്രാദേശിക ഭരണകൂടത്തെ സമീപിച്ചിരിക്കുകയാണ് ജനങ്ങൾ.

Tags:    
News Summary - Kanwar Yatra order: Both Muslim & Hindu owners ask staff to quit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.