'ഇന്ത്യയിലെ ഏറ്റവും മോശം ഭാഷ കന്നട' എന്ന് ഗൂഗിൾ; നിയമ നടപടിയുമായി കർണാടക സർക്കാർ

ബംഗളൂരു: ഇന്ത്യയിലെ ഏറ്റവും മോശം ഭാഷ ഏതാണെന്ന ചോദ്യത്തിന് 'കന്നട' എന്ന ഗൂഗിൾ സെർച്ച് എഞ്ചിനിൽനിന്നുള്ള മറുപടിക്കെതിരെ കർണാടക സർക്കാർ നിയമനടപടിക്കൊരുങ്ങുന്നു. ഏറ്റവും മോശമായ ഭാഷ കന്നടയാണെന്ന ഗൂഗിളിന്‍റെ ഉത്തരത്തിനെതിരെ ട്വിറ്ററിലൂടെ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് ഇക്കാര്യത്തിൽ സർക്കാർ ഇടപെട്ടത്. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഗൂഗിൾ അധികൃതർക്ക് നോട്ടീസ് അയക്കുമെന്ന് കന്നട സാംസ്കാരിക മന്ത്രി അരവിന്ദ് ലിംബാവലി പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും മോശം ഭാഷ എന്ന ചോദ്യത്തിനുള്ള ഉത്തരം ഗൂഗിളിൽ സെർച്ച് ചെയ്യുമ്പോഴാണ് കന്നട എന്ന ഉത്തരം കാണിക്കുന്നത്. ഇതിന്‍റെ സ്ക്രീൻഷോർട്ട് ഉൾപ്പെടെ പങ്കുവെച്ചുകൊണ്ട് കന്നടിഗർ രംഗത്തുവരുകയായിരുന്നു.

ഒരു വെബ്സൈറ്റിൽ നൽകിയ വിവരമാണ് ഗൂഗിൾ നൽകിയിരുന്നത്. ഇതേതുടർന്ന് ഈ വെബ്സൈറ്റ് ആളുകൾ റിപ്പോർട്ട് ചെയ്തു. വ്യാപക വിമർശനം ഉയർന്നതോടെ വ്യാഴാഴ്ച വൈകിട്ട് മൂന്നോടെ ഗൂഗിൾ വെബ്സൈറ്റിൽനിന്നും എടുത്തിട്ടുള്ള ഉത്തരം നീക്കം ചെയ്തു. കന്നട ഭാഷക്ക് അതി​േന്‍റതായ ചരിത്രമുണ്ടെന്നും 2,500ലധികം വർഷത്തിന്‍റെ പഴക്കമുണ്ടെന്നും കന്നടിഗരുടെ അഭിമാനമാണെന്നും മന്ത്രി അരവിന്ദ് ലിംബാവലി ട്വീറ്റ് ചെയ്തു. ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും മോശമായ ഭാഷയായി കന്നടയെ ചിത്രീകരിക്കുന്നതിലൂടെ കന്നടിഗരുടെ അഭിമാനത്തെ അവഹേളിക്കുകയാണ് ഗൂഗിളെന്നും നിയമവകുപ്പുമായി ചർച്ച ചെയ്ത് ഗൂഗിളിന് നോട്ടീസ് അയക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ ഗൂഗിൾ മാപ്പുപറയണമെന്ന് ബംഗളൂരു സെൻട്രലിൽനിന്നുള്ള ലോക്സഭാംഗം പി.സി. മോഹൻ ആവശ്യപ്പെട്ടു. ഭാഷകൾക്കെതിരായ ഇത്തരം വിദ്വേഷം നേരത്തെ തന്നെ നിയന്ത്രിക്കാൻ ഗൂഗിളിന് കഴിയില്ലെയെന്നും ഇത്തരം തെറ്റുകൾ ഒരിക്കലും സ്വീകാര്യമല്ലെന്നും മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ട്വീറ്റ് ചെയ്തു.

സംഭവത്തില്‍ വന്‍ പ്രതിഷേധമുയര്‍ന്നതോടെ തെറ്റിദ്ധാരണയ്ക്കിടയാക്കിയതിനും ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയതിനും ക്ഷമ ചോദിക്കുന്നതായി ഗൂഗിള്‍ ടീറ്റ്വറിലൂടെ അറിയിച്ചു.

ചില പ്രത്യേക ചോദ്യങ്ങൾക്ക് ചില അസാധാരണ ഫലമാണ് ലഭിക്കാറുള്ളത്. അത് ശരിയല്ലെന്ന് അറിയാം. ഇത്തരം പ്രശ്നങ്ങൾ ശ്രദ്ധിയിൽ പെടുന്ന ഉടനെ തിരുത്താറുണ്ട്. അൽഗോരിതം മെച്ചപ്പെടുത്താൻ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ഗൂഗിൾ അറിയിച്ചു.


Tags:    
News Summary - karnataka against google

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.