ബംഗളൂരു: കർണാടകയുടെ ഭരണ സിരാകേന്ദ്രമാണെങ്കിലും ബംഗളൂരു നഗരത്തിന് തെരഞ്ഞെടുപ്പിനോട് വിരക്തിയാണ് പൊതുവെ. തദ്ദേശീയരായ കന്നടിഗരെക്കാളും കുടിയേറ്റ ജനത താമസിക്കുന്ന ബംഗളൂരുവിൽ വോട്ടിങ് ശതമാനം കുറഞ്ഞുവരുന്നതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ പ്രവണത.
എന്നാൽ, ഭരണകക്ഷിയായ ബി.ജെ.പിയും പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും ജെ.ഡി-എസും പോരാട്ടം കനപ്പിച്ച ഈ തെരഞ്ഞെടുപ്പിൽ ബംഗളൂരുവിൽ വോട്ടിങ് ശതമാനം ഉയരുമെന്നാണ് പ്രതീക്ഷ.
28 നിയമസഭ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന ബംഗളൂരു നഗരത്തിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ് കാര്യമായ പോരാട്ടം. 2018ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 15ഉം ബി.ജെ.പിക്ക് 11ഉം ജെ.ഡി-എസിന് രണ്ടും സീറ്റ് ലഭിച്ചു. വോട്ടിങ് ശതമാനം നോക്കിയാൽ ബി.ജെ.പിയാണ് മുന്നിൽ; 41 ശതമാനം.
കോൺഗ്രസിന് 39.8 ശതമാനവും ജെ.ഡി-എസിന് 15.6 ശതമാനവും വോട്ട് ലഭിച്ചു. ഇതിന് ശേഷം നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ബംഗളൂരു നഗരത്തിലെ 22 നിയമസഭ മണ്ഡലങ്ങളിൽ ബി.ജെ.പിക്കായിരുന്നു ലീഡ്. ആറു സീറ്റിൽ കോൺഗ്രസും.
2018ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബംഗളൂരുവിൽ ആകെ പോൾ ചെയ്തത് 57 ശതമാനമായിരുന്നു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലാവട്ടെ 54.1 ശതമാനവും. സംസ്ഥാന വോട്ടിങ് ശതമാനം യഥാക്രമം 72.13ഉം 68.81ഉം ശതമാനമായിരിക്കെയാണ് ബംഗളൂരുവിൽ ഇത്രയും താഴ്ന്നത്.
കോസ്മോപൊളിറ്റൻ സംസ്കാരം നിലനിൽക്കുന്ന ബംഗളൂരു നഗരത്തിൽ പകുതിയോളം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പണവും സമുദായവും നിർണായക ഘടകമാവുന്ന കർണാടക രാഷ്ട്രീയത്തിൽ വിദ്യാസമ്പന്നരായ നഗരവാസികളിൽ പലരും താല്പര്യം പ്രകടിപ്പിക്കാറില്ല.
പുതുതലമുറ വോട്ടുകൾ കൂടുതലും വിനിയോഗിക്കപ്പെടാറുമില്ല. വോട്ടർപട്ടികയിലെ ക്രമക്കേടുകളും ഫ്ലോട്ടിങ് പോപുലേഷനടക്കമുള്ള മറ്റു കാരണങ്ങളുമുണ്ട്. ഇത്തവണ 1.17 ദശലക്ഷം പുതുവോട്ടർമാരാണ് കർണാടകയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 61602 പേർ ബംഗളൂരുവിൽനിന്നാണ്.
ഭരണവിരുദ്ധ വികാരം പ്രകടമായ ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനും ജെ.ഡി-എസിനും ബി.ജെ.പിക്കും പുറമെ, ആം ആദ്മി പാർട്ടിയടക്കം ബംഗളൂരു നഗരത്തിൽ സജീവ പ്രചാരണം നയിക്കുന്നുണ്ട്. ഇത്തവണ 65 ശതമാനത്തിലേക്ക് പോളിങ് ഉയരുമെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ പ്രതീക്ഷ.
വീട്ടിൽ വോട്ടുചെയ്യാൻ സൗകര്യമൊരുക്കുന്ന സംവിധാനത്തിന് തെരഞ്ഞെടുപ്പ് കമീഷൻ ഇത്തവണ തുടക്കമിട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷനും രാഷ്ട്രീയ പാർട്ടികൾക്കും പുറമെ, വോട്ടർമാരെ പരമാവധി ബൂത്തിലെത്തിക്കാൻ മതേതര കൂട്ടായ്മകളുടെ സമാന്തര ശ്രമങ്ങളും സജീവമാണ്.
കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് അതത് മേഖലയിൽനിന്നുള്ള എം.എൽ.എമാരെയും നേതാക്കളെയും ഇറക്കുമതി ചെയ്താണ് രാഷ്ട്രീയ പാർട്ടികൾ വോട്ടുറപ്പിക്കുന്നത്.
കേരളത്തിൽനിന്ന് കെ. സുധാകരനും രമേശ് ചെന്നിത്തലയും പി.കെ. കുഞ്ഞാലിക്കുട്ടിയും കെ. സുരേന്ദ്രനും സുരേഷ് ഗോപിയുമടക്കമുള്ള നേതാക്കളുടെ പടതന്നെയുണ്ട്. ഒറ്റഘട്ടമായി മേയ് 10നാണ് വോട്ടെടുപ്പ്. 13ന് ഫലം പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.