ബംഗളൂരു: ഏറെ വിവാദമുയർത്തിയ കർണാടകയിലെ ജാതി സെൻസസ് എന്ന് വിശേഷിപ്പിക്കുന്ന സാമൂഹിക, സാമ്പത്തിക സർവേ റിപ്പോർട്ട് വ്യാഴാഴ്ച വിധാൻ സൗധയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ കൈപ്പറ്റി.
കർണാടക സംസ്ഥാന പിന്നാക്ക വിഭാഗ കമീഷൻ ചെയർമാൻ കെ. ജയപ്രകാശ് ഹെഗ്ഡെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കന്നട-സാംസ്കാരിക മന്ത്രി ശിവരാജ് തങ്കഡഗിയുടെ സാന്നിധ്യത്തിൽ സമർപ്പിച്ചു.
ഈ റിപ്പോർട്ട് സ്വീകരിക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ എന്ന് മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമി വെല്ലുവിളിച്ചിരുന്നു. തുടർ നടപടികളെക്കുറിച്ച് മുഖ്യമന്ത്രി ഒന്നും പറഞ്ഞിട്ടില്ല.
റിപ്പോർട്ട് മുഖ്യമന്ത്രി സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്ന് സർവേ നടന്ന വേളയിൽ കമീഷൻ ചെയർമാനായിരുന്ന എച്ച്. കാന്തരാജ് പ്രതികരിച്ചു. റിപ്പോർട്ടിന്മേൽ നിയമോപദേശം ആവശ്യമെങ്കിൽ തേടുമെന്ന് നിയമമന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു. മുഖ്യമന്ത്രി റിപ്പോർട്ട് കൈപ്പറ്റിയത് ലോക്സഭ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകൾ കോൺഗ്രസിന് അനുകൂലമാവാൻ സഹായകമാവുമെന്നാണ് നിരീക്ഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.