പ്രതിഷേധം കനത്തതോടെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ നെഹ്റുവിനെ പരാമർശിച്ച് കർണാടക മുഖ്യമന്ത്രി

ബംഗളൂരു: സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽനിന്ന് രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ ഒഴിവാക്കിയ കർണാടക സർക്കാരിന്‍റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ അദ്ദേഹത്തിന്‍റെ പേര് പരാമർശിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നതിൽ മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, സർദാർ വല്ലഭായ് പട്ടേൽ, ഭഗത് സിങ്, മൗലാന അബ്ദുൽ കലാം ആസാദ്, ജവഹർലാൽ നെഹ്‌റു തുടങ്ങിയവരുടെ സംഭാവനകൾ വലുതാണെന്ന് അദ്ദേഹം പറഞ്ഞു.

'ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കാൻ നിരവധി സ്വാതന്ത്ര്യ സമരസേനാനികൾ ജീവൻ ത്യജിച്ചു. മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, സർദാർ വല്ലഭായ് പട്ടേൽ, ഭഗത് സിങ്, മൗലാന അബ്ദുൽ കലാം ആസാദ്, ജവഹർലാൽ നെഹ്‌റു തുടങ്ങിയവരുടെ സംഭാവനകൾ ചരിത്രപരമാണ്.'- ബസവരാജ് ബൊമ്മൈ പറഞ്ഞു.

കർണാടകയിൽ സ്വാതന്ത്ര്യ സമരം ആരംഭിക്കുന്നതിന് മുമ്പ് കിറ്റൂർ വീരമണി ചന്നമ്മ, വീര സങ്കൊല്ലി രായണ്ണ തുടങ്ങി നിരവധി പേർ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ പോരാടിയിട്ടുണ്ട്. ഇത്തരം വ്യക്തിത്വങ്ങളുടെ ത്യാഗത്തിന്‍റെ കൂടി ഫലമായാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്. അവരുടെ രക്തസാക്ഷിത്വത്തോടുള്ള ആദരവായി അവരുടെ ത്യാഗത്തിന്‍റെ മഹത്വം നമ്മൾ തിരിച്ചറിയുകയും ഇന്ത്യയുടെ ക്ഷേമത്തിനായുള്ള നമ്മുടെ കർത്തവ്യങ്ങളും ഉത്തരവാദിത്വങ്ങളും മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

'ആസാദി കാ അമൃത് മഹോത്സവ'ത്തിന്റെ ഭാഗമായി നൽകിയ പത്രപരസ്യത്തിൽ നിന്നാണ് നവ ഇന്ത്യയുടെ ശിൽപി കൂടിയായ നെഹ്റുവിനെ കർണാടക സർക്കാർ ഒഴിവാക്കിയത്. കർണാടകയിലെ സ്വാതന്ത്ര്യ സമര നായകരുടെ പട്ടികയിൽനിന്ന് മൈസൂരു ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താനെയും ഒഴിവാക്കി. അതേസമയം, പട്ടികയിൽ വി.ഡി. സവർക്കർക്ക് ഇടം നൽകി.

സ്വാതന്ത്ര്യസമരസേനാനികളുടെ പട്ടികയിൽ നിന്ന് ജവഹർലാൽ നെഹ്റുവിനെ ഒഴിവാക്കിയതിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. നെഹ്റുവിനെ ഒഴിവാക്കിയതിലൂടെ കർണാടക സർക്കാർ ആഗോള സമൂഹത്തിന് മുൻപിൽ രാജ്യത്തെ അപമാനിച്ചെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മാപ്പ് പറയണമെന്നും കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞിരുന്നു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിൽ ജവഹർലാൽ നെഹ്റുവിനെ അനുസ്മരിച്ചിരുന്നു. സ്വാതന്ത്ര്യാനന്തരം രാജ്യം കെട്ടിപ്പടുക്കുന്നതിൽ ജവഹർലാൽ നെഹ്റു, റാം മനോഹർ ലോഹ്യ, സർദാർ വല്ലഭായ് പട്ടേൽ തുടങ്ങിയവർ പ്രധാന പങ്കുവഹിച്ചു എന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Karnataka CM Bommai mentions Jawaharlal Nehru in Independence Day speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.