ബംഗളൂരു: കർണാടകയിലെ ബി.ജെ.പി മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ മകൻ ബി.വൈ. വിജയേന്ദ്ര സൂപ്പർ മുഖ്യമന്ത്രി ചമയുന്നെന്ന് ആരോപണം. മുഖ്യമന്ത്രിയുടെ മകനെ നിലക്കുനിർത്തണമെന്നാവശ്യപ്പെട്ട് പാർട്ടി നേതൃത്വത്തിന് ഏഴ് ബി.ജെ.പി എം.എൽ.എമാർ ഒപ്പിട്ട് അയച്ച കത്ത് മൈസൂരുവിൽ കർണാടക കോൺഗ്രസ് വക്താവ് എം. ലക്ഷ്മണ പുറത്തുവിട്ടു. മന്ത്രിസഭ വിപുലീകരണം സംബന്ധിച്ച തർക്കങ്ങൾ കർണാടക ബി.ജെ.പിയിൽ തുടരുന്നതിനിടെയാണ് പാർട്ടിക്കകത്തെ അസ്വാരസ്യം വെളിപ്പെടുത്തി പുതിയ വിവാദമുയർന്നത്.
ബി.ജെ.പിയുടെ കർണാടക വൈസ് പ്രസിഡൻറ് കൂടിയായ ബി.ൈവ. വിജയേന്ദ്രയുടെ നേതൃത്വത്തിലുള്ള 31 അംഗ സംഘം സമാന്തര സർക്കാറാവാൻ ശ്രമിക്കുകയാണെന്നാണ് കത്തിലെ പ്രധാന ആരോപണം. പാർട്ടിയിലും സർക്കാറിലും വിവിധ സ്ഥാനങ്ങളിലുള്ള അദ്ദേഹത്തിെൻറ ബന്ധുക്കളും മുന്‍ െഎ.എ.എസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് അംഗങ്ങളും ഉൾപ്പെട്ടതാണ് ഈ സംഘം. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറിനെ 10 ശതമാനം കമീഷൻ സർക്കാർ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം കളിയാക്കിയത്. എന്നാൽ, ഇൗ സർക്കാർ ഓരോ കരാറിനും 15 ശതമാനം വി.എസ്.ടി (വിജയേന്ദ്ര സർവിസ് ടാക്സ്) ഇൗടാക്കുകയാണ്. അടുത്ത കർണാടക മുഖ്യമന്ത്രിയെന്നാണ് വിജയേന്ദ്രയുടെ അവകാശവാദം.
ഇൗ വിഷയം പാർട്ടി തലത്തിൽ പലതവണ തങ്ങൾ ഉന്നയിച്ചതാണെന്നും പാർട്ടിയുടെ മുഖച്ഛായക്ക് മങ്ങലേൽക്കാതിരിക്കാൻ പൊതുവേദിയിൽ പ്രശ്നം ഉന്നയിച്ചിട്ടില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ അറിവോടെയാണ് ഇതെല്ലാം നടക്കുന്നതെന്നും വിജയേന്ദ്രയെ നിലക്കുനിർത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ഇൗമാസം ഒന്നിനാണ് ബി.വൈ. വിജയേന്ദ്രയെ സംസ്ഥാന വൈസ് പ്രസിഡൻറായി ബി.ജെ.പി തെരഞ്ഞെടുത്തത്. കത്തിൽ എം.എൽ.എമാർ ഉന്നയിച്ച ആരോപണങ്ങൾ ഗുരുതരമാണെന്നും വിജയേന്ദ്രക്കെതിരെ അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
സർക്കാറിനെതിരെ മാസങ്ങളായി പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങളാണ് ഇപ്പോൾ എം.എൽ.എമാരുടെ കത്തിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് കോൺഗ്രസ് വക്താവ് ലക്ഷ്മണ പറഞ്ഞു. ആരോപണങ്ങൾ ബി.ജെ.പിക്കുള്ളിൽനിന്നുതന്നെയാണ് പുറത്തുവന്നിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ ആരോപണങ്ങളിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, കത്ത് വ്യാജമാണെന്നും ആരോപണങ്ങൾ കോൺഗ്രസിെൻറ രാഷ്ട്രീയ പ്രേരിതമാണെന്നും വിജയേന്ദ്ര പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.