കർണാടകയിൽ ബിജെ.പി സർക്കാറിന്​ തലവേദനയായി മന്ത്രിസ്ഥാനം ലഭിക്കാത്ത നേതാക്കൾ; വിമത നീക്കം ശക്തം

ബംഗളൂരു: കർണാടക സർക്കാറിലെ വകുപ്പ് വിഭജനത്തിലെ അതൃപ്തി പുകയുന്നതിനിടെ മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതിൽ നേതാക്കൾക്കിടയിലുള്ള എതിർപ്പ് രൂക്ഷമാകുന്നു. മന്ത്രിസ്ഥാനം ലഭിക്കാത്ത നേതാക്കൾ സമാന്തര യോഗം ചേരുന്നതും ബൊമ്മൈ സർക്കാരിന് തലവേദനയായി മാറുകയാണ്. മൈസൂരുവിൽനിന്നുള്ള മുതിർന്ന നേതാവ് എ. രാംദാസ് മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങ് ഉൾപ്പെടെ ബഹിഷ്കരിച്ചിരുന്നു.

മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പിയുടെ മുതിർന്ന നേതാവ് അപ്പാച്ചു രഞ്ജൻ മടിക്കേരിയിൽനിന്ന് ബംഗളൂരുവിലേക്ക് കാർ റാലി നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെ, മുൻ മന്ത്രിയും യെദിയൂരപ്പയുടെ അനുയായിയുമായ സി.പി. േയാഗേശ്വറിന്‍റെയും മുൻ മന്ത്രി രമേശ് ജാർക്കിഹോളിയുടെയും നേതൃത്വത്തിൽ മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തിൽ അതൃപ്തരായ നേതാക്കൾ യോഗം ചേർന്നു.

കേന്ദ്ര നേതാക്കളെ കണ്ട് അതൃപ്തി അറിയിക്കുന്നതിനായി സി.പി യോഗേശ്വറും രമേശ് ജാർക്കിഹോളിയും ഡൽഹിയിൽ തുടരുകയാണെന്നാണ് റിപ്പോർട്ട്.

മന്ത്രിസഭയിലേക്ക് ഇല്ലെന്ന് നേരത്തെ പ്രഖ്യാപിച്ച മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറുമായും കഴിഞ്ഞ ദിവസം രമേശ് ജാർക്കിഹോളി കൂടിക്കാഴ്ച നടത്തിയിരുന്നു. ലൈംഗികാരോപണ കേസിനെതുടർന്നാണ് രമേശ് ജാർക്കിഹോളി യെദിയൂരപ്പ സർക്കാരിലെ മന്ത്രി സ്ഥാനം രാജിവെക്കുന്നത്. രമേശിന് പകരമായി അദ്ദേഹത്തിന്‍റെ സഹോദരൻ ബാലചന്ദ്ര ജാർക്കോളി എം.എൽ.എക്ക് മന്ത്രിസ്ഥാനം നൽകുമെന്നായിരുന്നു കരുതിയത്. എന്നാൽ, അതുണ്ടായില്ല.

മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ അരവിന്ദ് ബെള്ളാഡ്, ബസനഗൗഡ പാട്ടീൽ യത്നാൽ, ശ്രീമന്ത് പാട്ടീൽ, മഹേഷ് കുമത്തള്ളി തുടങ്ങിയവരും അതൃപ്തിയിലാണ്. സംസ്ഥാനത്തെ നേതാക്കളുടെ വിമത നീക്കത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം മുഖ്യമന്ത്രി ബൊമ്മൈക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. പ്രശ്നം വഷളാകാതെ പരിഹരിക്കുമെന്നാണ് അദ്ദേഹം പാർട്ടി നേതാക്കളെ അറിയിച്ചിരിക്കുന്നത്. 

Tags:    
News Summary - karnataka governemnt faces rebel movement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.