മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ

പാഠ്യപദ്ധതി കാവിവത്കരണം: തിരുത്താൻ തയാറെന്ന് കർണാടക സർക്കാർ

ബംഗളൂരു: പാഠപുസ്തകങ്ങൾ കാവിവൽകരിക്കുന്നതിനെതിരായ പ്രതിഷേധം കനത്ത സാഹചര്യത്തിൽ കർണാടക സർക്കാർ തിരുത്തലിന്. റോഹിത് ചക്രതീർഥ ചെയർമാനായ പുസ്തകപരിഷ്കരണ കമ്മിറ്റി പരിച്ചുവിട്ടു. സമിതിയുടെ ചുമതല കഴിഞ്ഞതിനാലാണ് ഇതെന്നാണ് ഔദ്യോഗിക വിശദീകരണം. പരിഷ്കരിച്ച പാഠപുസ്തകങ്ങൾ വീണ്ടും തിരുത്തുന്ന കാര്യത്തിൽ തുറന്ന മനസാണുള്ളതെന്നും മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ പറഞ്ഞു. സാഹചര്യം വിലയിരുത്തി വിദ്യാഭ്യാസമന്ത്രി ബി.സി നാഗേഷ് നൽകിയ റി​പ്പോർട്ട് ചർച്ച ചെയ്ത യോഗത്തിന് ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. ചില പാഠപുസ്തകങ്ങളിൽ വീണ്ടും തിരുത്തൽ നടത്തും. പുതിയ പാഠപുസ്തകങ്ങളുടെ അച്ചടി സർക്കാർ നിർത്തിയിട്ടുണ്ട്. 2021 ഡിസംബർ 22നാണ് പരിഷ്കരിച്ച പുസ്തകങ്ങൾ അച്ചടിക്കാനുള്ള ടെന്റർ വിളിച്ചത്. 2022 ഫെബ്രുവരി 18നും മാർച്ച് അഞ്ചിനും കരാർ നൽകി. കഴിഞ്ഞ ഫെബ്രുവരി വരെ 79.70 ശതമാനം പുസ്തകങ്ങളും അച്ചടികഴിഞ്ഞു. 66.98 ശതമാനവും സ്കൂളുകളിൽ വിതണം ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവയുടെ അച്ചടിയാണ് നിർത്തിയത്.

12ാം നൂറ്റാണ്ടിലെ സാമൂഹികപരിഷ്കർത്താവായ ബസവണ്ണ എന്ന ബസവേശ്വരയെ പറ്റി തെറ്റായ വിവരങ്ങൾ ഉള്ള ഒമ്പതാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം പാഠപുസ്തകം തിരുത്താനാണ് പ്രധാനമായും തീരുമാനമായത്. സാമൂഹിക സൗഹാർദത്തിന്റെ ശക്തനായ വക്താവായിരുന്ന അദ്ദേഹം അഹിംസയിൽ വിശ്വസിച്ചു. ജാതിവിവേചനത്തിനെതിരെയും ദുരാചാരങ്ങൾക്കെതിരെയും നിലകൊണ്ടു. വീരശൈവ -ലിങ്കായത് സമൂഹത്തിന്റെ സ്ഥാപകനായിരുന്ന അദ്ദേഹത്തി​നെപറ്റി തെറ്റായ വിവരം ഉൾ​െപ്പത്തെിയതിനെതിരെ ഈ വിഭാഗത്തിലെ സന്യാസിമാരടക്കം രംഗത്തുവന്നിരുന്നു. ഒരു സമൂഹത്തിന്റെയും വികാരങ്ങളെ വ്രണപ്പെടുത്താതെയുള്ള മാറ്റങ്ങളാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എഴുത്തുകാരുടെയും ചിന്തകരുടെയും ഭാഗത്തുനിന്ന് കനത്ത പ്രതിഷേധമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. ചില എഴുത്തുകാർ തങ്ങളുടെ എഴുത്തുകൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താൻ നൽകിയ സമ്മതം പിൻവലിച്ചു. അതേസമയം, പാഠപുസ്തകങ്ങൾ അച്ചടിച്ചുകഴിഞ്ഞതിനാൽ പ്രതിഷേധിക്കുന്ന സാഹിത്യകാരൻമാരെ കാര്യങ്ങൾ ബോധ്യപ്പെടുത്താനും 'തിരുത്താനും' സർക്കാർ ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇവർക്ക് വിദ്യാഭ്യാസമന്ത്രി കഴിഞ്ഞ ദിവസം കത്തയച്ചിട്ടുണ്ട്.

പാഠപുസ്തക പരിഷ്കരണകമ്മിറ്റി ചെയർമാനായിരുന്ന റോഹിത് ചക്രതീർഥക്കെതിരെയും പ്രതിഷേധം വ്യാപകമാണ്. 20ാം നൂറ്റാണ്ടിലെ പ്രമുഖ കന്നട കവിയായ കുവെമ്പു എന്ന കുപ്പളി വെങ്കടപ്പ പുട്ടപ്പയെ സമൂഹമാധ്യമത്തിൽ അവമതിച്ചതിനെതിരെയാണിത്. അദ്ദേഹം എഴുതിയ 'നാട ഗീത്' എന്ന സംസ്ഥാന ഗാനത്തിനെയും ചക്രതീർഥ അവമതിച്ചിട്ടുണ്ട്. കാവിവൽകരണത്തിനെതി​രെയും ചക്രതീർഥക്കെതിരെയുമുളള എതിർപ്പിന്റെ ഭാഗമായി പ്രമുഖ സാഹിത്യകാരൻമാർ സർക്കാർ സമിതികളിൽ നിന്ന് രാജിവെച്ചിട്ടുമുണ്ട്. ഇത് സർക്കാറിന് വൻതിരിച്ചടിയായതോടെയാണ് തിരുത്തൽ.

Tags:    
News Summary - Karnataka govt dismissed curriculum revision committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.