ബംഗളൂരു: കർണാടക എം.എൽ.എ ജി. ജനാർദന റെഡ്ഡിയും ഭാര്യയും വീണ്ടും ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി നേതാവ് ബി.എസ്. യെദിയൂരപ്പയുടെയും സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്രയുടെയും സാന്നിധ്യത്തിലായിരുന്നു ഇരുവരും ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. ജനാർദന റെഡ്ഡിയുടെ ഭാര്യ അരുണ ലക്ഷ്മിയും രാഷ്ട്രീയത്തിൽ സജീവമാണ്. ജനാർദന റെഡ്ഡിയുടെ കർണാടക രാജ്യ പ്രഗതി പക്ഷ പാർട്ടി ബി.ജെ.പിയിൽ ലയിച്ചു.'' ഞാൻ ബി.ജെ.പിയിൽ ചേർന്നു. എന്റെ പാർട്ടി ബി.ജെ.പിയിൽ ലയിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണക്കാൻ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്താൻ സാധിച്ചതിൽ വലിയ സന്തോഷം തോന്നുന്നു. ഒരു ഉപാധികളും മുന്നോട്ടുവെക്കാതെയാണ് ഞാൻ ബി.ജെ.പിയിൽ ചേർന്നത്. എനിക്ക് ഒരു സ്ഥാനവും ആവശ്യമില്ല.'-ജനാർദന റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു.
റെഡ്ഡി എടുത്തത് ഏറ്റവും നല്ല തീരുമാനമാണെന്ന് യെദിയൂരപ്പ പറഞ്ഞു. റെഡ്ഡിയുടെ വരവ് സംസ്ഥാനത്ത് ബി.ജെ.പിക്ക് കൂടുതൽ കരുത്താകും. 28 സീറ്റുകളിൽ ഞങ്ങൾ വിജയിക്കും. അദ്ദേഹത്തിന്റെ ഭാര്യയും സുഹൃത്തുക്കളും ബി.ജെ.പിയിൽ ചേർന്നിട്ടുണ്ട്. അതും ഞങ്ങളെ ശക്തിപ്പെടുത്തും. എന്നാവരെയും ഹാർദവമായി സ്വാഗതം ചെയ്യുന്നു.-യെദിയൂരപ്പ കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച ബി.ജെ.പിയിൽ ചേരുമെന്നും ബി.ജെ.പി തനിക്ക് മാതൃതുല്യമാണെന്നും കഴിഞ്ഞ ദിവസം റെഡ്ഡി പറഞ്ഞിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഗംഗാവതി മണ്ഡലത്തിൽ നിന്നാണ് റെഡ്ഡി വിജയിച്ചത്. കർണാടകയിൽ യെദിയൂരപ്പ മുഖ്യമന്ത്രിയായിരുന്നപ്പോൾ മന്ത്രിയായിരുന്ന ജനാർദന റെഡ്ഡി ഖനന കുംഭകോണത്തിൽ അറസ്റ്റിലായിരുന്നു. ജനാർദന റെഡ്ഡിയുടെ സഹോദരങ്ങളായ ജി. കരുണാകര റെഡ്ഡിയും ജി. സോമശേഖര റെഡ്ഡിയും ബി.ജെ.പിയുടെ സജീവപ്രവർത്തകരാണ്. കഴിഞ്ഞ തവണ നിയമസഭ തെരഞ്ഞെടുപ്പിൽ ഇരുവരും മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. കർണാടകയിൽ 28 ലോക്സഭ സീറ്റുകളാണുള്ളത്. സംസ്ഥാനത്ത് രണ്ടു ഘട്ടങ്ങളായാണ് വോട്ടെടുപ്പ്. ഫലം ജൂൺ നാലിനറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.