ബംഗളൂരു: ബി.എസ്. യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാറിനെതിരെ പ്രതിപക്ഷമായ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ശബ്ദവോട്ടിൽ ഭരണപക്ഷം മറികടന്നു. വർഷകാല നിയമസഭ സമ്മേളനത്തിെൻറ അവസാനദിനമായ ശനിയാഴ്ച ൈവകിയും ചർച്ച തുടർന്നതിനൊടുവിൽ രാത്രി 11 ഒാടെയാണ് അവിശ്വാസ പ്രമേയം ശബ്ദവോേട്ടാടെ തള്ളിയത്. അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷ പാർട്ടിയായ ജെ.ഡി^എസിെൻറ പിന്തുണയില്ലാതിരുന്നത് കോൺഗ്രസിന് തിരിച്ചടിയായി.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ ക്രമക്കേടും അഴിമതി ആരോപണങ്ങളും ഉന്നയിച്ചാണ് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ വ്യാഴാഴ്ച സ്പീക്കർ വിശേശ്വര ഹെഗ്ഡെ കാഗേരിക്ക് അവിശ്വാസ നോട്ടീസ് നൽകിയത്. അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയതിനാൽ സുപ്രധാന ബില്ലുകൾ ചർച്ചക്കെടുക്കരുതെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഭൂപരിഷ്കരണ ഭേദഗതി ബില്ലും എ.പി.എം.സി ഭേദഗതി ബില്ലും ശനിയാഴ്ച നിയമസഭയിൽ അവതരിപ്പിക്കുകയും പ്രതിപക്ഷ പ്രതിഷേധത്തിനിടെ പാസാക്കുകയും ചെയ്തു.
225 അംഗ നിയമസഭയിൽ സ്പീക്കറെ കൂടാതെ ബി.ജെ.പിക്ക് 116ഉം കോൺഗ്രസിന് 67ഉം ജെ.ഡി^എസിന് 33ഉം എം.എൽ.എമാരാണുള്ളത്. ഒരു ബി.എസ്.പിക്ക് എം.എൽ.എയും ഒരു ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയും കൂടാതെ രണ്ട് സ്വതന്ത്രർ എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ നില. കോവിഡ് ബാധിച്ചു മരിച്ച കോൺഗ്രസ് എം.എൽ.എ നാരായൺ റാവുവിെൻറ മണ്ഡലമായ ബസവകല്യാൺ, അന്തരിച്ച ജെ.ഡി^എസ് എം.എൽ.എ ബി. സത്യനാരായണയുടെ മണ്ഡലമായ സിറ, തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് കേസ് നിലനിൽക്കുന്ന ആർ.ആർ നഗർ, മസ്കി എന്നീ മണ്ഡലങ്ങളുടെ നാല് സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്.
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ എല്ലാ എം.എൽ.എമാരോടും സഭയിലെത്താൻ നിർബന്ധിക്കാനാവില്ലെന്നതിനാൽ അവിശ്വാസ പ്രമേയത്തിന് ഡിവിഷൻ വോട്ട് അനുവദിക്കാനാവില്ലെന്നും ശബ്ദവോട്ടിന് ഭരണപക്ഷവും പ്രതിപക്ഷവും സമ്മതിക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടിരുന്നു. കോവിഡ് രോഗികളായ ജനപ്രതിനിധികളെ സഭയിൽ വിളിച്ചുവരുത്തുന്നത് മനുഷ്യത്വവിരുദ്ധമാണെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി. തുടർന്ന് സ്പീക്കറുടെ അഭ്യർഥന മാനിക്കുന്നതായും ശബ്ദവോട്ടിന് സമ്മതിക്കുന്നതായും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ മറുപടി നൽകി.
മുഖ്യമന്ത്രിയിലും മന്ത്രിസഭയിലും നിയമസഭാംഗങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടതായി അവിശ്വാസ പ്രമേയത്തിൽ സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.
യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള സർക്കാറിന് ഭരണത്തിന് അർഹതയില്ലെന്നും ജനവിധിയിൽ ഭൂരിപക്ഷമില്ലാതിരുന്ന ബി.െജ.പി ഒാപറേഷൻ താമരയിലൂടെ തങ്ങളുടെ സർക്കാറിനെ അട്ടിമറിച്ചാണ് അധികാരത്തിൽ വന്നതെന്നും ചർച്ചക്ക് തുടക്കമിട്ട് സിദ്ധരാമയ്യ പറഞ്ഞു. രാജ്യത്തെ ഒാപറേഷൻ താമരകളുടെ പിതാവാണ് യെദിയൂരപ്പ. മംഗളൂരുവിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ രണ്ടുപേരെ വെടിവെച്ചുകൊന്നത് സർക്കാറിെൻറ ഭരണ പരാജയമാണ്. ബംഗളൂരു അക്രമത്തിന് വഴിവെച്ച സംഭവത്തിൽ യഥാസമയം ഇടപെടാൻ പൊലീസിന് കഴിഞ്ഞില്ല. അങ്ങനെ നടന്നിരുന്നെങ്കിൽ അക്രമവും വെടിവെപ്പും നടക്കില്ലായിരുന്നു. മുഖ്യമന്ത്രിയുടെ മകനടക്കം ഭരണപക്ഷത്തിെൻറ അഴിമതിയിൽ പങ്കാളിയാണെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.
അഴിമതിയിൽ തെൻറ കുടുംബം പങ്കാളികളായെന്ന ആരോപണത്തിൽ ലവലേശം സത്യമുണ്ടെങ്കിൽ താൻ രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുമെന്ന് മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു. അത് തെറ്റാണെന്ന് തെളിഞ്ഞാൽ സിദ്ധരാമയ്യ രാജിവെക്കണമെന്നും അടിസ്ഥനമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകായുക്തയിലോ അഴിമതി വിരുദ്ധ ബ്യൂറോയിലോ പരാതി നൽകാനും അദ്ദേഹം പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ചു. തുടർന്ന് അംഗങ്ങളുടെ ചർച്ച രാത്രി വൈകിയും നീണ്ടു. ഒടുവിൽ ശബ്ദവോേട്ടാടെ അവിശ്വാസപ്രമേയം തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.