ബംഗളൂരു: ഇന്ത്യൻ നഴ്സിങ് കൗൺസിൽ (ഐ.എൻ.സി) കർണാടകയിലെ നഴ്സിങ് കോളജുകളുടെ അംഗീകാരം എടുത്തുകളഞ്ഞത് മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് വിദ്യാർഥികളെ പെരുവഴിയിലാക്കി.
സംസ്ഥാനത്തെ നഴ്സിങ് കോളജുകൾക്ക് കർണാടക നഴ്സിങ് കൗൺസിലിെൻറയും രാജീവ് ഗാന്ധി മെഡിക്കൽ സർവകലാശാലയുടെയും അംഗീകാരം മാത്രം മതിയെന്ന സർക്കാർ ഉത്തരവിനെ തുടർന്നാണ് മുഴുവൻ നഴ്സിങ് കോളജുകളുടെയും അംഗീകാരം ഐ.എൻ.സി എടുത്തുകളഞ്ഞത്. ഇതോടെ സംസ്ഥാനത്ത് പഠിക്കുന്ന വിദ്യാർഥികളുടെ ഭാവിപഠനവും തൊഴിൽ സാധ്യതകളുമാണ് തുലാസിലായത്.
കഴിഞ്ഞ മേയിലാണ് കർണാടക സർക്കാർ ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത്. കഴിഞ്ഞ വർഷം വരെ ഐ.എൻ.സി അംഗീകാരത്തോടെ പ്രവർത്തിച്ചിരുന്ന കോളജുകളുടെ വെബ്സൈറ്റിൽനിന്ന് കഴിഞ്ഞമാസം അഞ്ചു മുതലാണ് ഐ.എൻ.സി അംഗീകാരം ഉണ്ടെന്ന അറിയിപ്പ് അപ്രത്യക്ഷമായത്. സംസ്ഥാനത്ത് 438 നഴ്സിങ് കോളജുകളാണുള്ളത്. നഴ്സിങ് കൗൺസിലിെൻറ കണക്കനുസരിച്ച് വിദ്യാർഥികളിൽ 70 ശതമാനവും അന്യസംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്. ഇതിൽ നല്ലൊരുഭാഗം മലയാളികളും. ഐ.എൻ.സി അംഗീകാരമില്ലാത്ത കോളജുകളിൽനിന്ന് പഠിച്ചിറങ്ങുന്നവർക്ക് അന്യസംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും ജോലിചെയ്യാനാകില്ല.
കർണാടകയിൽ കഴിഞ്ഞവർഷം 257 കോളജുകൾക്ക് ഐ.എൻ.സിയുടെ അംഗീകാരമുണ്ടായിരുന്നു. കൗൺസിലിെൻറ അംഗീകാരമില്ലാത്ത കോളജുകളിൽ പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ മറ്റു സംസ്ഥാനങ്ങൾ അംഗീകരിക്കില്ല. വിദേശത്തേക്ക് ജോലിക്കുപോകുന്നവർക്ക് കൗൺസിലിെൻറ അംഗീകാരം ആവശ്യമാണ്. ഇതിനകം കോളജുകളിൽ ചേരുകയും ഫീസ് അടക്കുകയും ചെയ്ത വിദ്യാർഥികളും ആശങ്കയിലായി.
പണവും സർട്ടിഫിക്കറ്റുകളും തിരികെ കിട്ടാൻ ഇവർ നെട്ടോട്ടത്തിലാണ്. സർട്ടിഫിക്കറ്റ് തിരിച്ചുനൽകാൻ 25,000 മുതൽ 50,000 രൂപ വരെയാണ് വിദ്യാർഥികളോട് ആവശ്യപ്പെടുന്നത്. കൗൺസിലിെൻറ അംഗീകാരമില്ലാത്തത് വിദ്യാഭ്യാസ വായ്പ ലഭിക്കുന്നതിനും തടസ്സമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.