ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിന് നാലു ദിവസം മാത്രം ശേഷിക്കെ, കത്തിക്കയറി പ്രചാരണം. അഴിമതിയും വിലക്കയറ്റവും വർഗീയതയും കാർഷികവിരുദ്ധ നയങ്ങളുംകൊണ്ട് ഭരണവിരുദ്ധവികാരം പ്രകടമായ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബി.ജെ.പി വിയർക്കുമ്പോൾ, പരമാവധി വോട്ടുകൾ അടുപ്പിക്കാൻ കോൺഗ്രസ് പയറ്റുന്ന തന്ത്രങ്ങൾ ഫലം കണ്ടുതുടങ്ങുന്നുവെന്നതാണ് അവസാന ലാപ്പിലെ സൂചനകൾ.
മുമ്പെങ്ങുമില്ലാത്തവിധം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാവും പകലും കളത്തിലിറക്കി ആവേശവും മതവികാരവും വോട്ടാക്കി മാറ്റാനാണ് ബി.ജെ.പി ശ്രമം. സംസ്ഥാനത്ത് തുടർച്ചയായി പര്യടനത്തിലുള്ള മോദി രണ്ടു ദിവസങ്ങളിലായി ബംഗളൂരു നഗരത്തിൽ മാത്രം 36.6 കിലോമീറ്റർ റോഡ് ഷോ നയിക്കും.
കർണാടകയിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും ലോക്സഭ തെരഞ്ഞെടുപ്പിലും കോൺഗ്രസിന് രാഹുൽ ഗാന്ധിയായിരുന്നു പ്രധാന പ്രചാരകൻ. എന്നാൽ, ഇത്തവണ ചുവടുമാറ്റി പ്രിയങ്കയെ പ്രതിഷ്ഠിച്ചാണ് കരുനീക്കം. ഹിമാചൽ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ചെലുത്തിയ സ്വാധീനം കണക്കിലെടുത്താണ് കർണാടകയിലും ഇതേ തന്ത്രം കോൺഗ്രസ് പയറ്റിയത്. സ്ത്രീകളുടെ വൻ സാന്നിധ്യം പ്രിയങ്കയുടെ റാലികളിൽ പ്രകടമാണ്.
രാഹുലിനെ വ്യക്തിപരമായി ആക്രമിക്കുന്നതുപോലെ പ്രിയങ്കയിലേക്ക് രോഷം തിരിച്ചുവിടാനാവില്ലെന്നതാണ് ബി.ജെ.പിയുടെ ധർമസങ്കടം. ‘പ്രചാരണങ്ങളിൽ സ്വന്തത്തെക്കുറിച്ച് കരയാതിരിക്കൂ മോദീ’ എന്ന് മൂർച്ചയോടെ പ്രിയങ്ക മറുവിമർശനം നടത്തുന്നുമുണ്ട്.
ബി.ജെ.പിയുടെ ‘ഹിന്ദുത്വ’ മാനിഫെസ്റ്റോയും കോൺഗ്രസിന്റെ ‘സെക്കുലർ’ മാനിഫെസ്റ്റോയുമാണ് ഇപ്പോൾ പ്രചാരണത്തിലെ ചൂടുള്ള വിഷയം. അമിത് ഷാ പങ്കെടുത്ത പരിപാടികളിലെല്ലാം കോൺഗ്രസിനെതിരെ ഉയർത്തിയ ഒരേയൊരു ചോദ്യം സംവരണത്തെക്കുറിച്ചായിരുന്നു.
മുസ്ലിംകളിൽനിന്ന് എടുത്ത് വൊക്കലിഗർക്കും ലിംഗായത്തുകൾക്കുമായി വീതിച്ചുനൽകിയ സംവരണ ശതമാനം കോൺഗ്രസ് പുനഃസ്ഥാപിക്കുമ്പോൾ ആരിൽനിന്ന് തിരിച്ചെടുക്കുമെന്നതായിരുന്നു വൊക്കലിഗ, ലിംഗായത്ത് മേഖലകളിൽ നടത്തിയ പ്രചാരണങ്ങളിൽ ബി.ജെ.പിയുടെ ചോദ്യം.
സംവരണ തട്ട് ഉയർത്തുമെന്ന കോൺഗ്രസ് പ്രകടനപത്രികയിൽ ആ ചോദ്യം അലിഞ്ഞു. ബജ്റംഗ്ദൾ നിരോധനമാണ് ഇപ്പോൾ ബി.ജെ.പി ഏറ്റുപിടിച്ചിരിക്കുന്നത്. ബജ്റംഗ്ദളിനെതിരായ നീക്കം ബജ്റംഗ്ബലിക്കെതിരായ (ഹനുമാൻ) നീക്കമായി ചിത്രീകരിക്കാനാണ് ശ്രമം.
വോട്ടിങ് മെഷീനിൽ വിരലമർത്തുമ്പോൾ ഹനുമാൻ ചാലിസ വിളിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനംചെയ്യുന്നു. ബജ്റംഗ്ബലിയെ ബജ്റംഗ്ദളുമായി താരതമ്യംചെയ്യുന്ന കുതന്ത്രത്തെ തുറന്നെതിർക്കുന്ന കോൺഗ്രസ് നേതാക്കൾ, കൃത്യമായ കണക്കുകൂട്ടലുകളോടെയാണ് ഈ വിഷയം പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയതെന്നും നിലപാടിൽനിന്ന് പിന്നോട്ടുപോവില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
ഒരു പടികൂടി കടന്ന്, കഴിഞ്ഞ നാലുവർഷത്തിനിടെ ബി.ജെ.പി ഭരണത്തിനു കീഴിൽ ചെറുതും വലുതുമായി 1500 ക്ഷേത്രങ്ങൾ തകർക്കപ്പെട്ടതായും ഇതിൽ നാലെണ്ണം ഹനുമാൻ ക്ഷേത്രങ്ങളാണെന്നുമുള്ള കണക്കും കോൺഗ്രസ് പുറത്തുവിട്ടു. തകർക്കപ്പെട്ട ഹനുമാൻ ക്ഷേത്രങ്ങൾ പുനർനിർമിക്കുമെന്നും അഞ്ജനാദ്രി വികസന ബോർഡ് രൂപവത്കരിക്കുമെന്നുമുള്ള പ്രഖ്യാപനവും കോൺഗ്രസ് നടത്തിയിട്ടുണ്ട്.
പോപുലർ ഫ്രണ്ടിനെയും ബജ്റംഗ്ദളിനെയും ഒരുപോലെ കൈകാര്യംചെയ്യുമെന്ന കോൺഗ്രസ് വാഗ്ദാനം ഒരേ സമയം ബി.ജെ.പിയെയും ജെ.ഡി-എസിനെയും അസ്വസ്ഥപ്പെടുത്തുന്നു. ന്യൂനപക്ഷ-മതേതര വോട്ടുകൾ നഷ്ടമാവുമെന്ന ഭയമാണ് ജെ.ഡി-എസിന്റെ പ്രതികരണത്തിനു പിന്നിൽ. വൊക്കലിഗ ബെൽറ്റായ പഴയ മൈസൂരു മേഖലയിൽ കേന്ദ്രീകരിച്ചാണ് ദൾ പ്രചാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.