നദിയിൽ കണ്ടെത്തിയത് അർജുൻ ഓടിച്ച ട്രക്ക്; സ്ഥിരീകരിച്ച് പൊലീസ്

അംഗോള: കർണാടകയിലെ ഗംഗാവലി നദിയിൽ കണ്ടെത്തിയത് കോഴിക്കോട് സ്വദേശി അർജുൻ ഓടിച്ച ട്രക്ക് തന്നെയെന്ന് സ്ഥിരീകരിച്ച് ജില്ലാ പൊലീസ് മേധാവി. തെരച്ചിലിന്‍റെ ഒമ്പതാം ദിവസമാണ് ട്രക്ക് കണ്ടെത്തിയത്. ഡീപ് സെര്‍ച്ച് ഡിറ്റക്ടറടക്കം അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് ബുധനാഴ്ച തെരച്ചിൽ നടത്തിയത്. ലൊക്കേഷൻ വിവരങ്ങളടങ്ങിയ ചിത്രം അധികൃതർ പുറത്തുവിട്ടിരുന്നു.

കരയിൽ നിന്ന് 20 മീറ്റർ അകലെ 15 അടി താഴ്ച്ചയിലാണ് ലോറിയുള്ളതെന്നാണ് സോണാർ സിഗ്നൽ പ്രകാരമുള്ള വിവരം. ലോറിയുള്ളത് ചെളി നിറഞ്ഞ ഭാഗത്താണെന്നും രക്ഷാപ്രവർത്തനം ദുഷ്കരമാണെന്നും നാവികസേനാ സംഘം അറിയിച്ചു. കനത്ത മഴയും കാറ്റുമുള്ളതിനാൽ മുങ്ങൽ വിദഗ്ധർക്ക് നദിയിലേക്ക് ഇറങ്ങാൻ കഴിഞ്ഞിട്ടില്ല. 

നദിയുടെ അടിഭാഗത്ത് ട്രക്ക് കണ്ടെത്തിയതായി കർണാടക റവന്യൂ മന്ത്രി കൃഷ്ണ ​ബയരെ ഗൗഡ ട്വീറ്റ് ചെയ്തിരുന്നു. നദിയുടെ കരയോട് ചേർന്ന ഭാഗത്ത് നേവിയുടെ ഡീപ് ഡൈവേഴ്സ് പരിശോധന നടത്തുന്നുണ്ട്. ബൂം എസ്കലേറ്റർ ഉപയോഗിച്ച് ലോറി കരയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് വിവരം. കാലാവസ്ഥ അനുകൂലമെങ്കിൽ രാത്രിയിലും പരിശോധന തുടരും.

ദുരന്തത്തിൽ മരിച്ച ഏതാനും പേരുടെ മൃതദേഹം കഴിഞ്ഞ ദിവസങ്ങളിൽ കണ്ടെത്തിയിരുന്നു. കൂടുതൽ പേരെ കണ്ടെത്താനായി കോസ്റ്റ് ഗാർഡ് തെരച്ചിൽ നടത്തും. ഇക്കഴിഞ്ഞ 16നാണ് അങ്കോളയിൽ മണ്ണിടിച്ചിലുണ്ടായത്. ഡ്രൈവർമാർ ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും ലോറി നിർത്തുന്ന മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ 12 പേരാണ് മരിച്ചത്.

Tags:    
News Summary - Karnataka Police Confirms the truck has been identified as the one droved by Arjun

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.