കർണാടകയിലെ മുസ്ലിം സംവരണം പുനസ്ഥാപിക്കണം; പ്രതിഷേധവുമായി വഖഫ് ബോർഡ്

ബംഗളൂരു: കർണാടകയിൽ മുസ്‌ലിംകള്‍ക്കുള്ള നാലു ശതമാനം ഒ.ബി.സി സംവരണം ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാർ റദ്ദാക്കിയതിൽ അതൃപ്തിയുമായി വഖഫ് ബോർഡ്. 2 ബി വിഭാഗത്തിലെ സംവരണം പുനഃസ്ഥാപിക്കണമെന്ന് വഖഫ് ബോർഡ് സർക്കാറിനോട് ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് വോട്ട് ധ്രുവീകരണത്തിനുള്ള ശ്രമമാണ് സർക്കാറിന്റെ പുതിയ നീക്കമെന്നും കുറ്റപ്പെടുത്തി. ഇതുവരെ മുസ്‌ലിംകള്‍ക്കുണ്ടായിരുന്ന സംവരണം സംസ്ഥാനത്തെ പ്രമുഖ സമുദായങ്ങളായ ലിംഗായത്തിനും വൊക്കലിഗർക്കും വീതിച്ചുനൽകും. മേയിൽ സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നടപടി. പുതിയ നടപടിയോടെ വൊക്കലിഗക്കാരുടെ ഒ.ബി.സി സംവരണം ആറു ശതമാനവും ലിംഗായത്തിന്‍റെ സംവരണം ഏഴു ശതമാനവുമായി ഉയർന്നു.

‘ബി.ജെ.പി സർക്കാറിൽ ഞങ്ങൾക്കൊരു പ്രതീക്ഷയുമില്ല. 2 ബി വിഭാഗത്തിലെ നാല് ശതമാനം സംവരണം പുനഃസ്ഥാപിക്കണം എന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. ഈ നീക്കത്തിലൂടെ അവർ വോട്ടുകൾ ധ്രുവീകരിക്കാനുള്ള ശ്രമാണ് നടത്തുന്നത്. മറ്റ് സമുദായങ്ങൾക്കുള്ള സംവരണത്തിൽ ഞങ്ങൾക്കൊരു എതിർപ്പുമില്ല. എന്നാൽ മുസ്‍ലിംകളോട് കാണിക്കുന്ന ഈ വിവേചനത്തിൽ ഞങ്ങൾ അസംതൃപ്തരാണ്’ -ബോർഡ് പ്രസ്താവനയിൽ അറിയിച്ചു.

2ബി പ്രകാരം, സംവരണം ഞങ്ങൾക്ക് മാത്രമായിരുന്നു. എന്നാൽ ഇപ്പോൾ ബ്രാഹ്മണർ, വ്യാസർ, ജൈനർ തുടങ്ങിയ എല്ലാ ശക്തരായ സമുദായങ്ങളുമായും ഞങ്ങൾ മത്സരിക്കേണ്ടതുണ്ട്. ഞങ്ങൾക്ക് 2ബി സംവരണം തിരികെ വേണമെന്നും ഒരു ബോർഡംഗം പറഞ്ഞു.

വിഷയത്തിൽ ഗവർണർക്ക് നിവേദനം നൽകും. കൂടാതെ, പ്രതിഷേധവുമായി വഖഫ് ബോർഡ് തെരുവിലിറങ്ങുമെന്നും വിഷയം നിയമസഭക്ക് മുന്നിൽ ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിലവിലുണ്ടായിരുന്ന നാല് ശതമാനം സംവരണമാണ് റദ്ദാക്കിയത്.

Tags:    
News Summary - Karnataka Waqf board unhappy, demands restoration of 4% reservation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.