ബംഗളൂരു: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളിലും കനത്ത പരാജയം നേരിട്ട കോൺഗ്രസിനെ അധിക്ഷേപിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. രാജ്യത്ത് കോൺഗ്രസിന്റെ അസ്തിത്വം നഷ്‌ടപ്പെടുകയാണെന്നും കോൺഗ്രസ് മുക്തമാകാൻ പോകുന്ന അടുത്ത സംസ്ഥാനം കർണാടകയാണെന്നും അദ്ദേഹം പരിഹസിച്ചു.
'കോൺഗ്രസ് മുങ്ങി താഴ്ന്നുകൊണ്ടിരിക്കുകയാണ്. അടുത്തതായി അവർ മുങ്ങാൻ പോകുന്നത് കർണാടകയിലാണ്' -ബൊമ്മെ പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ പ്രകടനം കർണാടക പാർട്ടി ഘടകത്തിന്റെ ഉത്തരവാദിത്തം വർധിപ്പിച്ചിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പ് ഫലത്തോടെ സംസ്ഥാനത്ത് ബി.ജെ.പി കൂടുതൽ ശക്തമാകും. 2023ൽ തങ്ങൾ വീണ്ടും അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.
'പ്രധാനമന്ത്രി മോദിയെയും അദ്ദേഹത്തിന്റെ നയങ്ങളെയും ജനങ്ങൾ വിശ്വസിക്കുവെന്നാണ് തെരഞ്ഞടുപ്പ് ഫലത്തിലൂടെ ബോധ്യമാകുന്നത്. കിസാൻ സമ്മാൻ, ആത്മനിർഭർ, ഉജ്വല തുടങ്ങിയ നിരവധി പദ്ധതികളാണ് ഏഴുവർഷത്തെ ഭരണത്തിലൂടെ മോദി ജനങ്ങളിലേക്കെത്തിച്ചത്. ഈ സംരംഭങ്ങളിൽ നിന്നെല്ലാം പ്രയോജനം നേടിയ പൊതുജനങ്ങൾക്ക് ബി.ജെ.പിക്കല്ലാതെ മറ്റൊരു പാർട്ടിക്കും വോട്ട് ചെയ്യാന്‍ കഴിയില്ല. ഇത് സാധാരണക്കാരുടെ വിജയമാണ്. ലോകനേതാക്കളിൽ മോദിക്ക് ഏറെ മുൻതൂക്കം ലഭിച്ചിരിക്കുകയാണ്. റഷ്യൻ, യുക്രെയ്ൻ പ്രസിഡന്റുമാരുമായി ഒരേസമയം ചർച്ച നടത്താൻ അമേരിക്കക്കോ ചൈനക്കോ സാധിച്ചിരുന്നില്ല. പക്ഷേ, മോദിക്ക് സാധിച്ചു' -അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടകയിൽ ബി.ജെ.പി സർക്കാർ അവതരിപ്പിച്ച ജനപക്ഷ ബജറ്റ് പ്രഖ്യാപനങ്ങൾ എത്രയും പെട്ടെന്ന് നടപ്പാക്കുമെന്നും ഇതിനായി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ബൊമ്മെ വ്യക്തമാക്കി. ഏപ്രിൽ അവസാനത്തോടെ പ്രഖ്യാപനങ്ങൾ സംബന്ധിച്ച ഫയലുകൾ തയ്യാറാകും. ക്ഷേമപരിപാടികൾ ജനങ്ങളിലേക്ക് എത്തിക്കും. 2023ലെ തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ തങ്ങൾ അധികാരത്തിലെത്തുമെന്നും കരുത്തുറ്റ കർണാടകയെ പണിതുയർത്തും. ഏപ്രിലിൽ പ്രധാനമന്ത്രി മോദി കർണാടക സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.