മുംബൈ: ഐ.എന്‍.എക്സ് മീഡിയ കമ്പനിക്ക് വിദേശനിക്ഷേപം സമാഹരിക്കാനുള്ള അനുമതിക്ക് കൈക്കൂലി വാങ്ങിയെന്ന കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിെൻറ മകന് കാര്‍ത്തി ചിദംബരത്തെ കമ്പനി മുന്‍ ഉടമകളിലൊരാളായ ഇന്ദ്രാണി മുഖര്‍ജിയോടൊപ്പം ഇരുത്തി ചോദ്യംചെയ്തു.
മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയ കേസില്‍ ഇന്ദ്രാണി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ദക്ഷിണ മുംബൈയിലെ ബൈഖുള ജയിലില്‍ എത്തിച്ചായിരുന്നു ചോദ്യംചെയ്യല്‍. ഞായറാഴ്ച ഡല്‍ഹിയില്‍നിന്ന് മുംബൈയില്‍ എത്തിച്ച കാര്‍ത്തിയെ രാവിലെ 10.30ഓടെയാണ് ജയിലില്‍ കൊണ്ടുവന്നത്. ജയിലിനകത്ത് പ്രത്യേകം ഒരുക്കിയ മുറിയിൽ ആറ് സി.ബി.ഐ ഉദ്യോഗസ്ഥരാണ് കാര്‍ത്തിയെയും ഇന്ദ്രാണിയെയും മുഖാമുഖമിരുത്തി ചോദ്യംചെയ്തത്. വൈകീട്ടോടെ സി.ബി.ഐസംഘം കാര്‍ത്തിയുമായി ഡല്‍ഹിക്കുമടങ്ങി. തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതും രാഷ്ട്രീയപകപോക്കൽ ലക്ഷ്യംവെച്ചുള്ളതുമാണെന്ന് ജയിലിന് പുറത്ത് കാത്തുനിന്ന മാധ്യമങ്ങളോട് കാര്‍ത്തി പറഞ്ഞു. ചോദ്യംചെയ്യലിെൻറ വിശദാംശങ്ങള്‍ വെളിവായിട്ടില്ല.
ഇന്ദ്രാണിയുടെ ഭര്‍ത്താവും കമ്പനിയുടെ സഹ ഉടമയുമായ പീറ്റര്‍ മുഖര്ജിക്കൊപ്പമിരുത്തി കാര്‍ത്തിയെ ചോദ്യംചെയ്യാന്‍ സി.ബി.ഐക്ക് കഴിഞ്ഞില്ല. ഷീന ബോറ കേസില്‍ കൂട്ടുപ്രതിയായ പീറ്റര്‍ ആര്‍തര്‍ റോഡ് ജയിലിലാണ്. ഐ.എന്‍.എക്സ് മീഡിയയുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ ഇന്ദ്രാണിയും പീറ്റര്‍ മുഖര്‍ജിയും എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്തത്.
2008ല്‍ കമ്പനിക്ക് 300 കോടി രൂപയിലേറെ വിദേശനിക്ഷേപം സമാഹരിക്കാന്‍ ഫോറിന് ഇന്‍വെസ്റ്റ്മെൻറ് പ്രേമാഷന് ബോര്‍ഡിെൻറ അനുമതിക്കായി അന്ന് ധനമന്ത്രിയായ ചിദംബരത്തെ കണ്ടെന്നും സഹായത്തിന് പ്രത്യുപകാരമായി മകെൻറ കമ്പനികള്‍ക്ക് വിദേശത്തുനിന്ന് പണം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടെന്നുമാണ് മൊഴി.
ഇതുപ്രകാരം 3.5 കോടി രൂപ കാര്‍ത്തിയുടെ കമ്പനികള്‍ക്ക് നല്‍കിയെന്നും മൊഴി നല്‍കിയതായാണ് സി.ബി.ഐ അവകാശപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.