കശ്മീരി ജനതയുടെ ജീവിതത്തിന്‍റെ നേർകാഴ്ച വെളിപ്പെടുത്തുന്ന സിനിമയാണ് എഴുത്തുകാരനും സംവിധായകനുമായ പ്രഭാഷ് ചന്ദ്ര ഒരുക്കിയ 'അയാം നോട്ട് ദ റിവർ ഝലം'. അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കപ്പെട്ട ഈ സിനിമ മുന്നോട്ടുവെക്കുന്നത് കശ്മീർ എങ്ങനെ പ്രതിസന്ധികളും അശാന്തിയും നിറഞ്ഞ താഴ്വരയായി മാറിയെന്നതാണ്.
നാളുകളായി കശ്മീർ താഴ്വരയിൽ തളംകെട്ടി കിടക്കുന്ന ഭീകരതയെ കാഴ്ചക്കാരുടെ മുന്നിലേക്കെത്തിക്കാൻ വേണ്ടി ചാരനിറത്തിൽ മുക്കിയതും അശാന്തി നിറഞ്ഞൊരു പ്രദേശവുമായാണ് സംവിധായകൻ സങ്കൽപ്പിക്കുന്നത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ താഴ്വരയിലെ ഭീകരതയും അവ അതിജീവിക്കാനുള്ള ജനങ്ങളുടെ ശ്രമങ്ങളും സിനിമയിലൂടെ തുറന്നുകാട്ടുന്നു. ആക്രമണങ്ങൾക്കിടയിൽ ഞെരുങ്ങി ജീവിക്കുന്ന ഒരു ജനതക്കിടയിൽ 'അഫീഫ' എന്ന പെൺകുട്ടിയുടെ പ്രശ്നങ്ങൾ നിറഞ്ഞ ജീവിതത്തെ കുറിച്ചും സിനിമ പ്രതിപാദിക്കുന്നു.
സൈനിക സാന്നിധ്യമുള്ള പ്രദേശത്ത് താമസിക്കുന്ന ഒരു ജനത മങ്ങിയ വീടുകൾക്കുള്ളിലിരുന്ന് സമാധാനം നിറഞ്ഞ ഒരു ജീവിതത്തെ കുറിച്ച് സ്വപ്നം കാണുന്നു. ഇത്തരത്തിലുള്ള ഒരു പ്രദേശത്ത് ജീവിക്കുമ്പോഴുണ്ടാകുന്ന വെല്ലുവിളികൾ എത്രത്തോളം സങ്കീർണമാണെന്ന് സംവിധായകൻ വിവരിക്കുന്നു. ജനങ്ങളുടെയാകെ അവകാശങ്ങൾ നിഷേധിക്കപ്പെട്ട് അവരെ അടിച്ചമർത്തുമ്പോഴും താഴ്വരയുടെ പ്രകൃതിഭംഗി അതിമനോഹരമായി ഛായാഗ്രഹകൻ അനുജ് ചോപ്ര കാമറയിൽ പകർത്തിയിട്ടുണ്ട്.
മാർച്ചിൽ നടന്ന കേരള ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയിൽ നിന്നുള്ള മികച്ച നവാഗത സംവിധായകനുള്ള എഫ്.എഫ്.എസ്.ഐ കെ.ആർ മോഹനൻ പുരസ്‌കാരം പ്രഭാഷ് ചന്ദ്ര നേടിയിരുന്നു. ഏപ്രിൽ 25 മുതൽ മെയ് ഒന്ന് വരെ നടക്കുന്ന കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സിനിമ പ്രദർശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.