ന്യൂഡൽഹി: ജമ്മു കശ്മീരിൽ ഭീകരാക്രമണങ്ങൾ വർധിച്ചുവരുന്നതിനിടെ നാളുകളായി തുടരുന്ന തീവ്രവാദ ആക്രമണങ്ങൾ കശ്മീരിലെ ജനങ്ങളെ എത്രത്തോളം മുറിപ്പെടുത്തി എന്ന് അടിവിരയിടുന്ന ഒരു വീഡിയോ ഇന്ത്യൻ ആർമി പുറത്തുവിട്ടു. താഴ്വരയെ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടത്തിൽ ജനങ്ങളുടെ കൂടെ എന്നുമുണ്ടാകുമെന്ന് വീഡിയോയിൽ ഇന്ത്യൻ ആർമി ഉറപ്പ് നൽകി.
'കശ്മീർ ഫൈറ്റ്സ് ബാക്ക്' എന്ന അടിക്കുറിപ്പോടെ ഇന്ത്യൻ ആർമിയുടെ ചിനാർ കോർപ്‌സാണ് ട്വിറ്ററിൽ ഈ വീഡിയോ പങ്കുവെച്ചത്. സാധാരണക്കാരുടെ കഷ്ടപ്പാടുകൾ പരിഗണിച്ച് അവരുടെ ജീവിതം സംരക്ഷിക്കുന്നതിന് വേണ്ടി സുരക്ഷസേന നടത്തുന്ന ശ്രമങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നാണ് വീഡിയോയിലൂടെ ലക്ഷ്യമിട്ടത്.
പതിറ്റാണ്ടുകളായി തുടരുന്ന ഭീകരവാദം നമ്മെ അനാഥരും വിധവകളും വിലപിക്കുന്ന അമ്മമാരും നിസ്സഹായരായ പിതാക്കന്മാരുമായി മാറ്റിയെന്ന് വീഡിയോയയിൽ പറയുന്നു. കശ്മീർ താഴ്വരയിൽ നടന്ന വിവിധ ആക്രമണങ്ങൾ രക്ഷാപ്രവർത്തനങ്ങൾ എന്നിവയും വീഡിയോയിൽ കാണാം.
അവർ നമ്മുടെ സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിച്ചു. നമ്മുടെ യുവാക്കളെ വഴിതെറ്റിക്കാൻ ശ്രമിച്ചു കൊണ്ട് നമ്മുടെ നാട് ഒരു യുദ്ധക്കളമാക്കി മാറ്റിയെന്നും സാമുദായിക സൗഹൃദത്തിന്‍റെ പ്രാധാന്യം അടിവരയിട്ട് കൊണ്ട് ഇന്ത്യൻ ആർമി പറഞ്ഞു.
ഭീകരവാദികൾ കൊലപ്പെടുത്തിയ വിവിധ കശ്മീരികൾക്ക് വീഡിയോയയിൽ സേന ആദരമർപ്പിച്ചു. ഇത്തരത്തിൽ നടന്നിട്ടുള്ള നിരവധി ആക്രമണങ്ങളിൽ സുരക്ഷസേന നടത്തിയ ശ്രമങ്ങളെ വീഡിയോയിലൂടെ എടുത്ത് പറയുകയും സേന എന്നും ജനങ്ങൾക്കൊപ്പം തന്നെയുണ്ടെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
"ഈ പോരാട്ടത്തിൽ കശ്മീർ ഒറ്റക്കല്ല. മുൻകാലങ്ങളിൽ നിങ്ങൾക്ക് വേണ്ടി നിലകൊണ്ടത് പോലെ ഭാവിയിലും അത് തുടരും. തീവ്രവാദത്തിനെതിരെ ഒരുമിച്ച് നിന്ന് പോരാട്ടത്തിൽ ഞങ്ങൾ വിജയിക്കും". നാളുകളായി കശ്മീരിലെ ജനങ്ങൾ ഇന്ത്യൻ ആർമിയിൽ നൽകി വരുന്ന അവിശ്വാസം പരിഗണിക്കാതെ എല്ലാവരും ഒരുമിച്ച് നിന്ന് പോരാടണമെന്ന സന്ദേശത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.