ന്യൂഡൽഹി: നിയുക്ത പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിക്ക് ആശംസകൾ നേർന്ന് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്. പഞ്ചാബിനെയും ജനങ്ങളെയും അതിർത്തിക്ക് അപ്പുറത്തുനിന്ന് വരുന്ന ആക്രമണങ്ങളിൽനിന്ന് സംരക്ഷിക്കാൻ കഴിയേട്ടയെന്നായിരുന്നു ആശംസ.
'ചരൺജിത് സിങ് ചന്നിക്ക് ആശംസകൾ. അതിർത്തി സംസ്ഥാനമായ പഞ്ചാബിനെ സുരക്ഷിതമായി നിലനിർത്താനും അതിർത്തിക്ക് അപ്പുറത്തുനിന്ന് വരുന്ന സുരക്ഷ ഭീഷണിയിൽനിന്ന് ജനങ്ങളെ സംരക്ഷിച്ച് നിർത്തുമെന്നും പ്രതീക്ഷിക്കുന്നു' -അമരീന്ദറിന്‍റെ മാധ്യമ ഉപദേഷ്ടാവ് ട്വിറ്ററിൽ കുറിച്ചു.
പഞ്ചാബിൽ പുതിയ മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. പാർട്ടിയുടെ ദലിത് മുഖമായ ചന്നിയെ പഞ്ചാബ് കോൺഗ്രസ് നിയമസഭകക്ഷി നേതാവായി ഞായറാഴ്ച ചേർന്ന എം.എൽ.എമാരുടെ യോഗം നിർദേശിക്കുകയായിരുന്നു. ഇതോടെ ചരൺജിത് സിങ് ചന്നി പഞ്ചാബിലെ ആദ്യ ദലിത് മുഖ്യമന്ത്രിയായി തിങ്കളാഴ്ച അധികാരമേൽക്കും. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദുവുമായി ഏറെ അടുപ്പമുള്ള നേതാവാണ് ചന്നി.
നവ്ജ്യോത് സിങ് സിദ്ദുവുമായുള്ള അഭിപ്രായ വ്യത്യാസത്തിനൊടുവിൽ മുഖ്യമന്ത്രി അമരീന്ദർ സിങ് രാജിവെച്ചതോടെ വിളിച്ചുചേർത്ത നിയമസഭകക്ഷി യോഗം പുതിയ നേതാവിനെ തെരഞ്ഞെടുക്കാൻ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. അമരീന്ദർ സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ കോൺഗ്രസ് ദേശീയ നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന തിരക്കിട്ട ചർച്ചകൾക്കൊടുവിലാണ് പുതിയ മുഖ്യമന്ത്രിയെ നിശ്ചയിച്ചത്.
പഞ്ചാബിൽ ഭരണകക്ഷിയായ കോൺഗ്രസിൽ നാളുകളായി തുടരുന്ന ഉൾപ്പോരിനൊടുവിലായിരുന്നു അമരീന്ദർ സിങ് രാജിവെച്ചത്. മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യവുമായി 50ലധികം എം.എൽ.എമാർ ഹൈകമാൻഡിനെ സമീപിച്ചതോടെ അമരീന്ദർ സിങ് ശനിയാഴ്ച മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു. അപമാനിതനായാണ് പടിയിറങ്ങുന്നതെന്ന് രാജിവെച്ച ശേഷം അമരീന്ദർ സിങ് പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.