ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഇടക്കാല ജാമ്യം നീട്ടണമെന്നാവശ്യപ്പെട്ടുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹരജി ജൂൺ അഞ്ചിലേക്ക് മാറ്റി ഡൽഹി റോസ് അവന്യൂ കോടതി. ഇതോടെ ഞായറാഴ്ച കെജ്രിവാളിന് തിഹാർ ജയിലിൽ തിരിച്ചെത്തണം. മാർച്ച് 21ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത കെജ്രിവാളിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മേയ് 10ന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
തന്റെ ആരോഗ്യമടക്കം വിഷയങ്ങളിൽ കെജ്രിവാൾ വസ്തുതകൾ മറച്ചുവെക്കുകയാണെന്നും തെറ്റായ പ്രസ്താവനകൾ നടത്തുകയാണെന്നും ഇ.ഡിക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. കീഴടങ്ങൽ സംബന്ധിച്ച കെജ്രിവാളിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണ്. കീഴടങ്ങൽ തീയതി സംബന്ധിച്ച സുപ്രീംകോടതിയുടെ നിർദേശത്തിൽ മാറ്റം വരുത്താനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈദ്യപരിശോധനകൾക്കായി ഏഴുദിവസംകൂടി വേണമെന്ന കെജ്രിവാളിന്റെ ആവശ്യവും അന്വേഷണ ഏജൻസി എതിർത്തു.
ഇടക്കാല ജാമ്യ കാലാവധി ഞായറാഴ്ച അവസാനിക്കാനിരിക്കെ ജാമ്യം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് കെജ്രിവാൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും അപേക്ഷ സ്വീകരിക്കാൻ സുപ്രീംകോടതി രജിസ്ട്രി തയാറായിരുന്നില്ല. സ്ഥിരം ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാൻ നിർദേശിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.