ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യമില്ല. ഇ.ഡിയുടെ വാദങ്ങൾ അംഗീകരിച്ച വിചാരണ കോടതി ആറു ദിവസം കസ്റ്റഡിയിൽ വിട്ടു. പത്ത് ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു ഇ.ഡി ആവശ്യപ്പെട്ടിരുന്നത്.
ഡൽഹി റോസ് അവന്യൂ കോടതിയിൽ ഇ.ഡിയുടെ കസ്റ്റഡി അപേക്ഷയിൽ മൂന്നര മണിക്കൂർ നീണ്ട വാദമാണ് നടന്നത്. വൻ സുരക്ഷ വിചാരണ കോടതി പരിസരത്ത് ഒരുക്കിയിരുന്നു. കെജ്രിവാളിന് വേണ്ടി അഭിഭാഷകരായ മനു അഭിഷേക് സിങ്‍വിയും വിക്രം ചൗധരിയും രമേഷ് ഗുപ്തയും ഹാജരായി.
മദ്യനയ അഴിമതിയുടെ മുഖ്യ സൂത്രധാരൻ കെജ്‍രിവാൾ ആണെന്ന് ഇ.ഡി വാദിച്ചു. ഗൂഢാലോചന മുഴുവന്‍ നടത്തിയത് കേജ്‍രിവാളാണ്. സൗത്ത് ഗ്രൂപ്പില്‍നിന്ന് കോഴ ചോദിച്ചുവാങ്ങി. കോടിക്കണക്കിന് രൂപ ഉണ്ടാക്കി. ഈ പണം ഗോവ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിന് ഉപയോഗിച്ചു. മനീഷ് സിസോദിയയുമായി ചേര്‍ന്നാണ് കെജ്രിവാള് ഗൂഢാലോചന നടത്തിയത്. ഇതിന്‍റെ സാക്ഷിമൊഴികളും ഡിജിറ്റല്‍ തെളിവുകളും കൈവശമുണ്ട് -എന്നിങ്ങനെയായിരുന്നു ഇ.ഡിയുടെ വാദങ്ങൾ.
അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യാനുള്ള തെളിവായി ആകെ ഇ.ഡി ഉണ്ടാക്കിയത് ഒരു മാപ്പുസാക്ഷിയെയാണെന്നും അയാളെ കെജ്രിവാളിന് അറിയുകപോലുമില്ലെന്നും മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‍വി റോസ് അവന്യൂ കോടതിയിൽ ബോധിപ്പിച്ചു. ഈ സാക്ഷിയുടെ ആദ്യ മൊഴികളിലൊന്നും കെജ്രിവാളിന്റെ പേരില്ല. അതോടെ ഇ.ഡി സാക്ഷിയെ അറസ്റ്റ് ചെയ്ത് ജാമ്യം നിഷേധിച്ചു.
കെജ്രിവാളിന്റെ അറസ്റ്റിന് തെരഞ്ഞെടുപ്പുവരെ കാത്തിരുന്നത് എന്തിനാണെന്ന് അദ്ദേഹത്തിനായി രണ്ടാമത് വാദിച്ച മുതിർന്ന അഭിഭാഷകൻ വിക്രം ചൗധരി ചോദിച്ചു. 2022 ആഗസ്റ്റിലെ കേസാണിത്. പ്രതി എന്ന നിലക്കോ സംശയിക്കപ്പെടുന്നയാൾ എന്ന നിലക്കോ കെജ്രിവാളിന്റെ പേരില്ല. വ്യാഴാഴ്ച വരെ ഒമ്പത് സമൻസയച്ചു. എല്ലാറ്റിനും മറുപടി നൽകി. തന്നിൽനിന്ന് എന്താണ് അറിയാൻ ആഗ്രഹിക്കുന്നതെന്ന് കെജ്രിവാൾ തിരിച്ച് ഇ.ഡിയോട് ചോദിച്ചു. അതിന് മറുപടിയില്ല. മുഖ്യമന്ത്രിയെന്ന നിലക്കല്ല, വ്യക്തിപരമായാണ് സമൻസ് എന്നായിരുന്നു ഇ.ഡിയുടെ മറുപടി. ഇന്നലെ ഹൈകോടതിയിൽപോലും അദ്ദേഹം പ്രതിയല്ലെന്ന നിലപാടാണ് കൈക്കൊണ്ടത്. ആം ആദ്മി പാർട്ടിയുടെ കാര്യങ്ങൾ കൈകാര്യംചെയ്യുന്നത് കെജ്രിവാളാണ്, അതിനാലാണ് അറസ്റ്റ് എന്ന് ഇപ്പോൾ പറയുന്നു. പി.എം.എൽ.എ നിയമത്തിൽ കമ്പനിയെയും സ്ഥാപനത്തെയും പ്രോസിക്യൂട്ട് ചെയ്യാനുള്ള 70ാം വകുപ്പ് എങ്ങനെ ജനപ്രാതിനിധ്യ നിയമപ്രകാരം പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിക്ക് ബാധകമാക്കും? -അദ്ദേഹം ചോദിച്ചു.
വ്യാഴാഴ്ച രാത്രി 9.15ഓടെയാണ് ഇ.ഡി സംഘം കെജ്രിവാളിനെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. രാത്രി ഇ.ഡിയുടെ ലോക്കപ്പിലാണ് ഡൽഹി മുഖ്യമന്ത്രി കഴിച്ചു കൂട്ടിയത്. ഇന്ന് രാവിലെ അറസ്റ്റിനെതിരെ സുപ്രീംകോടതിയിൽ ഹരജി നൽകിയെങ്കിലും വിചാരണ കോടതിയിൽ ഹാജരാക്കുന്നതിന് തൊട്ടുമുമ്പ് ഇത് പിൻവലിച്ചു.
തന്റെ ജീവിതം രാഷ്ട്രത്തിന് വേണ്ടി സമർപ്പിച്ചതാണെന്നും രാഷ്ട്രത്തിന് വേണ്ടിയുള്ള സേവനം തുടരുമെന്നുമാണ് അറസ്റ്റിന് ശേഷം അദ്ദേഹം പ്രതികരിച്ചത്. കെജ്‌രിവാൾ ജയിലിലിരുന്ന് ഭരിക്കുമെന്നാണ് ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചത്. എന്നാൽ, ഇതിന്‍റെ നിയമസാധുത ലഫ്റ്റനൻറ് ഗവർണറും കേന്ദ്ര ആഭ്യന്തരമന്ത്രാലയവും പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.