ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇടക്കിടെ ഗുജറാത്ത് സന്ദർശിക്കുന്നതിനെ വിമർശിച്ച് ബി.ജെ.പി നേതാവ് മനോജ് തിവാരി. ഡൽഹിയിൽ മലിനീകരണം വർധിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ഡൽഹിയിൽ തന്നെ നിന്ന് ഛാത് പൂജക്ക് സൗകര്യമൊരുക്കുകയാണ് വേണ്ടതെന്ന് തിവാരി പറഞ്ഞു.
'ഡൽഹിയിലെ ഭക്തർക്ക് പൂജക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിന് പകരം മുഖ്യമന്ത്രി ഗുജറാത്തിലേക്ക് ടൂർ നടത്തുകയാണ്. ഡൽഹിയെ കുറിച്ച് അദ്ദേഹത്തിന് ആശങ്കകളൊന്നുമില്ലെങ്കിൽ അദ്ദേഹം പഞ്ചാബിൽ പോയി മുഖ്യമന്ത്രിയാകട്ടെ' എന്നും നോർത്ത് ഈസ്റ്റ് ഡൽഹിയിലെ എം.പി കൂടിയായ മനോജ് തിവാരി പറഞ്ഞു.
യമുന നദിയിൽ വെള്ളം പതഞ്ഞുപൊങ്ങുന്നത് ഒഴിവാക്കാൻ വിഷാംശമടങ്ങിയ സ്പ്രേ ഉപയോഗിച്ചുവെന്ന് കോൺഗ്രസും ബി.ജെ.പിയും ആരോപിച്ചതിനു പിന്നാലെയാണ് മനോജ് തിവാരിയുടെ പരാമർശം. എന്നാൽ ആം ആദ്മി പാർട്ടി ആരോപണം തള്ളിയിരുന്നു.
അതേസമയം, ഛാത് ഘട്ട് സന്ദർശിക്കുന്നതിനിടെ ബി.ജെ.പി എം.പി സാഹിബ് സിങ് വെർമ ഡൽഹി ജല ബോർഡ് അധികൃതരെ ശകാരിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 'യമുനയിൽ കെമിക്കലുകൾ കലർത്തരുതെന്ന് തുടർച്ചയായി ഞാൻ ആവശ്യപ്പെട്ടതാണ്. അവർ ഞാൻ പറഞ്ഞത് ശ്രദ്ധിക്കാതിരുന്നാൽ എങ്ങനെ ദേഷ്യപ്പെടാതിരിക്കും. ഇങ്ങനെ സംസാരിച്ചത് ഡൽഹിയിലെ ജനങ്ങളുടെ ഗുണത്തിന് വേണ്ടിയായതിനാൽ എനിക്ക് ഒരു പ്രശ്നവുമില്ലെ'ന്നും സാഹിബ് സിങ് വെർമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.