മണിപ്പൂരിലേത് ആസൂത്രിത വംശഹത്യ, ഭയപ്പെടുത്തുന്ന മൗനം തുടരുന്ന പ്രധാനമന്ത്രി ഇടപെടണം -ജോസ് കെ. മാണി

ന്യൂഡല്‍ഹി: വിഭജനകാലത്ത് നടന്നതിന് സമാനമായ ആസൂത്രിത വംശഹത്യയാണ് മണിപ്പൂരില്‍ കഴിഞ്ഞ രണ്ടുമാസമായി നടക്കുന്നതെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി, വൈസ് ചെയര്‍മാന്‍ തോമസ് ചാഴിക്കാടന്‍ എംപി എന്നിവർ അഭിപ്രായപ്പെട്ടു. കലാപത്തെക്കുറിച്ച് ഭയപ്പെടുത്തുന്ന മൗനം തുടരുന്ന പ്രധാനമന്ത്രി അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെട്ട് സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണത്തിന് നിദേശം നല്‍കണമെന്ന് കഴിഞ്ഞ രണ്ടു ദിവസം കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ഇരുവരും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

ഗുജറാത്ത് ഹൈക്കോടതിയില്‍നിന്നു വിരമിച്ച ചീഫ് ജസ്റ്റിസ് അജയ് ലംബ അധ്യക്ഷനായി കേന്ദ്ര അഭ്യന്തര മന്ത്രാലയം നിയോഗിച്ച നിലവിലെ സമിതി നടത്തുന്ന അന്വേഷണത്തിലൂടെ ഒരു സത്യാവസ്ഥയും പുറത്തു വരില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടി. ഇതേതുടർന്നാണ് സംയുക്ത പാര്‍ലമെന്റ് സമിതിയുടെ അന്വേഷണം ആവശ്യപ്പെടുന്നത്. ഈ മാസം 20 ന് തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തിന്റെ നടപടികള്‍ നിര്‍ത്തിവെച്ച് മണിപ്പൂര്‍ കലാപം ചര്‍ച്ച ചെയ്യണം.

മനുഷ്യര്‍ തമ്മിലുള്ള വെറും സംഘര്‍ഷമോ ഏറ്റുമുട്ടലുകളോ അല്ല മണിപ്പൂരിലേത്. ഒരു ന്യൂനപക്ഷ വിഭാഗത്തിലെ ആളുകളെയും അവര്‍ പാര്‍ക്കുന്ന ഗ്രാമങ്ങളെയും അടയാളപ്പെടുത്തിയുള്ള ഭീകരമായ നരവേട്ടയാണ് നടക്കുന്നത്.

കലാപകാരികള്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെ ആക്രമണം നടത്തുകയും ഗ്യാസ് സിലിണ്ടറുകള്‍ ഉപയോഗിച്ച് പൂര്‍ണമായും നശിപ്പിക്കുകയും ചെയ്യുന്നു. സംഗായി പ്രോയിലെ സെന്റ് പോള്‍സ് പള്ളിയും പാസ്റ്ററല്‍ സെന്ററും ലൈബ്രറിയും ഹോസ്റ്റലും കാഞ്ചിപൂരിലെ ഹോളി റെഡിമര്‍ പള്ളിയും ഇത്തരത്തില്‍ പൂര്‍ണമായും തകർത്തു.

സംസ്ഥാനത്തെ ജനങ്ങളെ താഴ്‌വര ജനതയെന്നും മലയോര ജനതയെന്നും വിഭജിച്ചു. അര്‍ദ്ധ സൈനിക വിഭാഗങ്ങളും സായുധ കലാപകാരികളും ചേര്‍ന്ന് കുക്കി വിഭാഗം പാര്‍ക്കുന്ന ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് ചുറ്റും ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 355-ാം വകുപ്പ് അനുസരിച്ച് മണിപ്പൂരിന്റെ സുരക്ഷ ഏറ്റെടുത്ത കേന്ദ്രസര്‍ക്കാര്‍ അവിടെ നിലനില്‍ക്കുന്ന അപ്രഖ്യാപിത ഉപരോധം അവസാനിപ്പിക്കാന്‍ യാതൊരു നടപടിയും ചെയ്യുന്നില്ല എന്ന് മാത്രമല്ല അതിനെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.

ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന ആസൂത്രിത ആക്രമണത്തില്‍ വലിയ ആശങ്കയാണ് ഇംഫാല്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ഡൊമിനിക് ലുമോൺ തങ്ങളോട് പ്രകടിപ്പിച്ചതെന്ന് ജോസ് കെ. മാണിയും തോമസ് ചാഴിക്കാടന്‍ എംപിയും പറഞ്ഞു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിയോഗിക്കുന്ന അന്വേഷണസമിതികളിലൂടെ ഒരു സത്യവും പുറത്തേക്ക് വരാനിടയല്ല. മണിപ്പൂരിലേക്ക് പാര്‍ലമെന്ററി സമിതിയെ നിയോഗിക്കുകയും സത്യാവസ്ഥ കൃത്യമായി മനസ്സിലാക്കി അടിയന്തര നടപടികള്‍ ഉണ്ടാവുകയും വേണം. കലാപബാധിതര്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസം അടിയന്തിരമായി ഉറപ്പാക്കണം. ആരാധനാലയങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം -ഇരുവരും ആവശ്യപ്പെട്ടു.

Tags:    
News Summary - Kerala Congress (M) leader Jose K Mani seeks joint parliamentary probe into Planned Genocide in Manipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.