ന്യൂഡൽഹി: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടേയും തദ്ദേശ സ്ഥാപനങ്ങളുടേയും ഉടമസ്ഥതയിലുള്ള തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളുടെ വികസനത്തിനായി ആവിഷ്കരിച്ച പി.എം ശ്രീ പദ്ധതി നടപ്പാക്കാൻ കേരള സർക്കാർ ധാരണപത്രം ഒപ്പിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം.
എം.കെ. രാഘവൻ എം.പി ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി അന്നപൂർണ ദേവി നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ 14,000 സ്കൂളുകളെ ഉദ്ദേശിച്ചുള്ള പി.എം ശ്രീ പദ്ധതി 2022 സെപ്റ്റംബറിലാണ് കേന്ദ്ര സർക്കാർ ആവിഷ്കരിച്ചത്. 27,360 കോടി രൂപയാണ് അഞ്ച് വർഷക്കാലയളവിലേക്കായി വകയിരുത്തിയത്. ഇതിൽ കേന്ദ്രവിഹിതം 18,128 കോടി രൂപയായിരിക്കും. ഓരോ സ്കൂളിന്‍റെയും വികസനത്തിന് വേണ്ടിവരുന്ന തുകയിൽ 60 ശതമാനം കേന്ദ്രസർക്കാരും ബാക്കി സംസ്ഥാനവും വഹിക്കണം.
പദ്ധതി നടപ്പാക്കുന്നതിന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കും, കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ടെങ്കിലും, കേരളം ധാരണപത്രം ഒപ്പിട്ടില്ല.
നിലവിലുള്ള സ്‌കൂളുകളുടെ വികസനത്തിനായി കേന്ദ്ര സർക്കാറിന്റെ സമഗ്ര ശിക്ഷാ പദ്ധതിയിൽ 2023-24 സാമ്പത്തിക വർഷത്തിൽ 5 .3 കോടി രൂപ സംസ്ഥാനത്തിനായി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി എം.പിക്ക് മറുപടി നൽകി. 79 .70 ലക്ഷം രൂപ കോഴിക്കോടിന് മാത്രമായി അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.