ന്യുഡൽഹി: പുതുച്ചേരി ലെഫ്. ഗവർണർ സ്ഥാനത്തു നിന്ന് ഡോ. കിരൺ ബേദിെയ നീക്കി. തെലങ്കാന ഗവർണർ ഡോ. തമിഴിസൈ സൗന്ദരരാജന് പുതുച്ചേരിയുടെ അധികച്ചുമതല നൽകിയതായി രാഷ്ട്രപതി ഭവൻ വക്താവ് അജയ് കുമാർ സിങ് അറിയിച്ചു.
കിരൺ ബേദിയെ നീക്കിയത് ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രത്തിന്‍റെ ഭാഗമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. കേന്ദ്രത്തിന്‍റെ നിർദേശപ്രകാരം പുതുച്ചേരിയുടെ വികസനത്തിന് ബേദി തടയിടുന്നുവെന്ന് കോൺഗ്രസ് നിരന്തരം ആരോപിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാനിരിക്കേ, ബേദിയെ മാറ്റി ഇതിനെ പ്രതിരോധിക്കാനാണ് കേന്ദ്ര നീക്കം.
കിരൺ ബേദിയെ നീക്കണമെന്നാവശ്യം പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി ദീർഘകാലമായി ഉന്നയിക്കുന്നുണ്ട്. ലെഫ്. ഗവർണർ ഭരിക്കാൻ അനുവദിക്കുന്നില്ലെന്ന് കാട്ടി മുഖ്യമന്ത്രി പ്രത്യക്ഷ സമരം നടത്തിയിരുന്നു.
ലെഫ്. ഗവർണറുടെ താൽക്കാലിക ചുമതല ഏറ്റെടുക്കുന്ന തമിഴസൈ സൗന്ദരരാജൻ ബി.ജെ.പി തമിഴ്നാട് ഘടകം മുൻ അധ്യക്ഷയും മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.പിയുമായ കുമരി അനന്തെൻറ മകളുമാണ്.
പുതുച്ചേരിയിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണമുന്നണി കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെയാണ് ഗവർണറെ മാറ്റിയിരിക്കുന്നത്. നാല് കോൺഗ്രസ് എം.എൽ.എമാരാണ് രാജിവെച്ച് ബി.ജെ.പിയിൽ ചേരുമെന്ന് ഉറപ്പായിരിക്കുന്നത്. ഇതോടെ സർക്കാറിന്‍റെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.