ന്യൂഡൽഹി: തൽക്കത്തോറ സ്റ്റേഡിയത്തിൽ തിങ്കളാഴ്ച നടന്ന അഖിലേന്ത്യാ കിസാൻ മഹാ പഞ്ചായത്ത് കർഷകരുടെ ആവശ്യങ്ങൾ ഉയർത്തി ദേശവ്യാപകമായ പ്രക്ഷോഭ പരിപരിപാടികൾ പ്രഖ്യാപിച്ചു. എ.ഐ കെ.കെ.എം.എസിന്റെ ആഭിമുഖ്യത്തിൽ നടന്ന കിസാൻ പഞ്ചായത്തിൽ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബിഹാർ, ഒഡീഷ, കർണ്ണാടക, കേരള, പശ്ചിമ ബംഗാൾ തുടങ്ങി 21 സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരും കർഷക തൊഴിലാളികളും പങ്കെടുത്തു.
ലാലാ ലജ്പത്റായിയുടെ അനുസ്മരണ ദിനമായ നവംബർ 17ന് രാജ്യവ്യാപകമായി കർഷകർ ജില്ല ഭരണ കേന്ദ്രങ്ങൾ ഉപരോധിക്കാനും നവംബർ 26ന് സംയുക്ത കിസാൻ മോർച്ചയുമായി ചേർന്ന് പ്രതിഷേധ ദിനം ആചരിക്കാനും കിസാൻ മഹാ പഞ്ചായത്ത് തീരുമാനിച്ചു. 2025 ഫെബ്രുവരി മാസത്തിൽ കർഷകർ സംസ്ഥാന തലസ്ഥാനങ്ങളിൽ രാജ്ഭവനുകൾക്കു മുമ്പിൽ പ്രതിഷേധമൊരുക്കും.
കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിന്റെ കോർപ്പറേറ്റ് അനുകൂല കർഷക വിരുദ്ധ ഫാസിസ്റ്റ് നയങ്ങളാണ് കർഷകരുടെ ഇന്നത്തെ ദുരിതങ്ങൾക്കും വേദനകൾക്കും കാരണമെന്ന് മഹാ പഞ്ചായത്ത് ഉൽഘാടനം ചെയ്ത എ.ഐ.കെ. കെ. എം.എസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ശങ്കർഘോഷ് കുറ്റപ്പെടുത്തി.എ.ഐ കെ.കെ എം. എസ് ദേശീയ പ്രസിഡന്റ് സത്യവാൻ മുഖ്യ പ്രഭാഷണം നടത്തി. സംയുക്ത കിസാൻ മോർച്ച, ദേശീയ നേതാക്കളായ ബൽബീർ സിംഗ് രജേവാൾ, ജോഗീന്ദർ സിംഗ് ഉഗ്രഹാൻ, പ്രേംസിങ് ഗെഹ്‌ലാവത്, എ.ഐ. കെ.കെ.എം.എസ് കേരള സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൽ അസീസ് തുടങ്ങിയവർ സംസാരിച്ചു.
മിനിമം താങ്ങുവില നിയമപരമാക്കുക, വൈദ്യുതി ഭേദഗതി നിയമം - 2023 ഉം സ്മാർട് മീറ്റർ പദ്ധതിയും പിൻവലിക്കുക, കാർഷിക സാമഗ്രികൾ മിതമായ നിരക്കിൽ അനുവദിക്കുക, ജനിതക മാറ്റം വരുത്തിയ വിത്തുകൾ നിരോധിക്കുക, ദരിദ്ര ഗ്രാമീണർക്ക് വർഷം മുഴുവൻ തൊഴിലും മതിയായ വേതനവും ഉറപ്പാക്കുക, കടാശ്വാസവും പെൻഷനും അനുവദിക്കുക, സിംഗു തിക്രി അതിർത്തികളിൽ കർഷക രക്തസാക്ഷി മണ്ഡപം സ്ഥാപിക്കുക, എം.എസ്.പിക്ക് പുറമേ സംസ്ഥാനത്ത് നിന്നുള്ള ഇളവുകൾ വേണ്ട എന്ന സി.എ.സി.പി.നിർദേശം നടപ്പാക്കാതിരിക്കുക എന്നീ ആവശ്യങ്ങൾ അടങ്ങുന്ന പ്രമേയം അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.