ഹാപൂർ: വിവാഹവേദിയിൽ പരസ്യമായി വധുവിനെ വരൻ ചുംബിച്ചതിന്റെ പേരിൽ ഇരുകുടുംബങ്ങളും തമ്മിൽ പൊരിഞ്ഞതല്ല്. വരന്റെ പിതാവടക്കം ആറുപേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഏഴുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഉത്തർപ്രദേശ് ഹാപൂരിനടുത്ത അശോക് നഗറിൽ നടന്ന വിവാഹച്ചടങ്ങാണ് യുദ്ധക്കളമായി മാറിയത്. ചടങ്ങിനിടെ നവദമ്പതികൾ ചുംബിച്ചതിനെ തുടർന്ന് വധുവിന്റെ വീട്ടുകാർ വരന്റെ ബന്ധുക്കളെ സ്റ്റേജിൽ കയറി മർദിക്കുകയായിരുന്നു.
വരന്റെ പ്രവൃത്തിയിൽ രോഷാകുലരായ കുടുംബക്കാർ തമ്മിൽ ആദ്യം വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു. തൊട്ടുപിന്നാലെ വധുവിന്റെ വീട്ടുകാർ വടിയും കൈയ്യിൽകിട്ടിയ ആയുധങ്ങളുമായി സ്റ്റേജിൽ കയറി വരന്റെ വീട്ടുകാരെ മർദിച്ചു. പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.
തിങ്കളാഴ്ച രാത്രിയാണ് അശോക് നഗറിൽ രണ്ടുസഹോദരിമാരുടെ വിവാഹം നടന്നത്. ഇതിൽ ആദ്യപെൺകുട്ടിയുടെ വിവാഹം പ്രശ്‌നങ്ങളൊന്നുമില്ലാതെ കഴിഞ്ഞു. രണ്ടാമത്തെ വിവാഹത്തിനിടെയാണ് തല്ലുമാല അരങ്ങേറിയത്. വരൻ വേദിയിൽ വച്ച് ബലമായി ചുംബിക്കുകയായിരുന്നുവെന്ന് ആരോപിച്ചാണ് വധുവിന്റെ വീട്ടുകാർ രംഗത്തെത്തിയത്. എന്നാൽ, വധു ചുംബിക്കാൻ നിർബന്ധിക്കുകയായിരുന്നുവെന്ന് വരൻ പറഞ്ഞു.
ഇരുകുടുംബങ്ങളിൽ നിന്നും ഇതുവരെ രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാലുടൻ നടപടിയെടുക്കുമെന്നും ഹാപൂർ പോലീസ് ഓഫിസർ രാജ്കുമാർ അഗർവാൾ പറഞ്ഞു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 151-ാം വകുപ്പ് പ്രകാരം ക്രമസമാധാന ഭംഗം വരുത്തിയതിന് ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.