ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ ആര്‍.ജി കര്‍ ആശുപത്രിയില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഡൽഹി എയിംസിലെ ഡോക്ടർമാർ നടത്തിവന്ന സമരം അവസാനിപ്പിച്ചു. സുപ്രീംകോടതിയില്‍നിന്ന് ഉറപ്പ് ലഭിച്ച സാഹചര്യത്തിലാണ് 11 ദിവസം നീണ്ട സമരം അവസാനിപ്പിക്കുന്നതെന്ന് എയിംസിലെ റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ (ആര്‍.ഡി.എ) അറിയിച്ചു.
സുപ്രീംകോടതി നടപടികളെ സ്വാഗതം ചെയ്ത് ഇന്ദിരാ ഗാന്ധി ആശുപത്രിയിലെ ഡോക്ടർമാരും സമരം അവസാനിപ്പിച്ചു. സമരം പിൻവലിച്ച് ജോലിയിൽ പ്രവേശിപ്പിക്കണമെന്ന് ഡോക്ടർമാരോട് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അഭ്യർഥിച്ചിരുന്നു. ഡോക്ടര്‍മാരുടെ സുരക്ഷ സംബന്ധിച്ച വിഷയത്തില്‍ ഇടപെടുമെന്ന് സുപ്രീംകോടതി ഉറപ്പുതന്ന സാഹചര്യത്തില്‍ സമരം അവസാനിപ്പിച്ച് ജോലിയില്‍ തിരികെ പ്രവേശിക്കുകയാണെന്നും രാജ്യത്തിന്റെ താല്‍പര്യവും ജനങ്ങളുടെ ആവശ്യവും പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനമെന്നും ആര്‍.ഡി.എ പ്രസ്താവനയില്‍ അറിയിച്ചു.
‘ആർ.ജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സംഭവത്തിൽ ഇടപെട്ട സുപ്രീംകോടതിയെ ആത്മാർഥമായി അഭിനന്ദിക്കുന്നു. രാജ്യത്തെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയെപ്പറ്റിയും കോടതി ആശങ്ക അറിയിച്ചു’ -ഡോക്ടർമാർ പ്രസ്താവനയിൽ വ്യക്തമാക്കി. വിഷയത്തില്‍ ഇടപെട്ട സുപ്രീംകോടതി ബംഗാൾ സർക്കാറിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സുരക്ഷക്ക് ദേശീയ മാര്‍ഗരേഖയുണ്ടാക്കാന്‍ പത്തംഗ ദൗത്യസേനയെ കോടതി നിയോഗിച്ചിരുന്നു.
കൊലപാതകം കൈകാര്യം ചെയ്തതിൽ സർക്കാറിന് വീഴ്ചയുണ്ടായതായി കോടതി ചൂണ്ടിക്കാട്ടി. അസ്വാഭാവിക മരണമായി റജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിക്കാൻ വൈകി. പോസ്റ്റ്‍മോർട്ടത്തിനു ശേഷം മാത്രമാണ് അസ്വാഭാവിക മരണമെന്ന് റജിസ്റ്റർ ചെയ്തത്. പൊലീസ് കാണിച്ച കൃത്യവിലോപം പോലെയൊന്ന് 30 വർഷത്തിനിടെ കണ്ടിട്ടില്ലെന്നും കോടതി വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.