ന്യൂഡൽഹി: കോഴിക്കോട് ആകാശവാണി നിലയത്തിന്റെ ബ്രാൻഡ് നെയിം ആയ റിയൽ എഫ്.എം നിലനിർത്തുമെന്ന് വാർത്താവിതരണ-പ്രക്ഷേപണ മന്ത്രി എൽ. മുരുകൻ കെ. മുരളീധരൻ എം.പിയെ അറിയിച്ചു. മലബാറിന്റെ സാംസ്കാരിക ജീവിതത്തിന്റെ ഭാഗമായി കോഴിക്കോട് ആകാശവാണിനിലയം തുടരുമെന്നും മന്ത്രി അറിയിച്ചു.
കോഴിക്കോട് ആകാശവാണിയെ റിലേ സ്റ്റേഷൻ മാത്രമാക്കി ചുരുക്കാനുള്ള നീക്കത്തെ കെ. മുരളീധരൻ എം.പി ലോക്സഭയിൽ ചോദ്യം ചെയ്തിരുന്നു. 2022 പുതുവർഷ ദിനത്തിൽ 103.6 റിയൽ എഫ്.എം ചാനൽ അടച്ചുപൂട്ടാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടതാണ്. അതിനു പകരം തിരുവനന്തപുരം ആകാശവാണിയുടെയും മുംബൈ വിവിധ് ഭാരതിയുടെയും പരിപാടികൾ റിലേ ചെയ്യാനാണ് നിർദേശിച്ചത്. പിന്നീട് പ്രക്ഷേപണം പുനഃസ്ഥാപിച്ചെങ്കിലും 103.6 റിയൽ എഫ്.എം എന്ന ബ്രാൻഡ് നെയിമും സവിശേഷമായ പശ്ചാത്തല സംഗീതവും ഒഴിവാക്കി. നിലയം അടച്ചുപൂട്ടൽ ഭീഷണിയിലായി. ഈ സാഹചര്യത്തിലാണ് കെ. മുരളീധരൻ എം.പി വിഷയം ഉന്നയിച്ചത്. കോഴിക്കോട് ആകാശവാണി നിലയത്തിൽനിന്ന് വിവിധ് ഭാരതി ഹിന്ദി പരിപാടികൾ ഉൾപ്പെടുത്തിയത് കൂടുതൽ ശ്രോതാക്കൾക്കു വേണ്ടിയാണെന്നും മന്ത്രി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.