ചുരാചന്ദ്പുർ: വംശീയഹത്യ നടന്ന മണിപ്പൂരിൽ വീണ്ടും സംഘർഷം തുടങ്ങിയതോടെ സംസ്ഥാനത്ത് കൂടുതൽ കുക്കി സംഘടനകൾ ലോക്സഭ തെരഞ്ഞടുപ്പ് ബഹിഷ്കരണത്തിന് ആഹ്വാനംചെയ്തു. ‘നീതിയില്ലെങ്കിൽ വോട്ടില്ല’ എന്നതാണ് ഇവരുടെ നിലപാട്. ബഹിഷ്കരണത്തിന്റെ ഭാഗമായി സ്ഥാനാർഥികളെ നിർത്തുന്നില്ലെന്ന് കുക്കികൾ നേരത്തേ പ്രഖ്യാപിച്ചിരുന്നു. കുക്കി നാഷനൽ അസംബ്ലി, കുക്കി ഇൻപി എന്നീ സംഘടനകളാണ് തെരഞ്ഞെടുപ്പിനോട് പുതുതായി മുഖം തിരിച്ചത്. ഏപ്രിൽ 19, 26 തീയതികളിൽ രണ്ടുഘട്ടമായാണ് മണിപ്പൂരിൽ തെരഞ്ഞെടുപ്പ്. പോസ്റ്ററുകളും റാലികളുമില്ലാതെ ആരവമൊഴിഞ്ഞ തെരഞ്ഞെടുപ്പാണ് ഇത്തവണ സംസ്ഥാനത്ത്.
കിഴക്കൻ ഇംഫാൽ ജില്ലയിൽ ശനിയാഴ്ച രണ്ടു സായുധ സംഘങ്ങൾ തമ്മിലുണ്ടായ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. തെങ്നൗപൽ ജില്ലയിൽ വെള്ളിയാഴ്ച നടന്ന സായുധ സംഘങ്ങളുടെ ഏറ്റുമുട്ടലിൽ മൂന്നുപേർക്ക് പരിക്കേറ്റു.
ചൈന, പാകിസ്താൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള ഭീഷണി നേരിടാൻ കെൽപുള്ള ഇന്ത്യൻ സൈന്യം നിരപരാധികളായ പൗരന്മാരെ തീവ്രവാദികളിൽനിന്ന് സംരക്ഷിക്കുന്നതിൽ പരാജയപ്പെടുന്നത് അങ്ങേയറ്റം നിരാശയുളവാക്കുന്നതാണെന്ന് കുക്കി നാഷനൽ അസംബ്ലി വക്താവ് മൻഗേബായ് ഹാവോകിപ് പറഞ്ഞു. ഇതാണ് ഇന്ത്യയുടെ ഭരണഘടനയിലും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന അവകാശവാദത്തിലുമുള്ള വിശ്വാസം നഷ്ടപ്പെടാൻ കാരണം. ഈ അസംതൃപ്തി നേതാക്കളെ അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ നേതൃത്വത്തോടുള്ള രോഷം പ്രകടിപ്പിക്കാൻ തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കാൻ നിർബന്ധിതരാക്കിയിരിക്കുകയാണ്. ഞങ്ങളുടെ വേദനയും ദുരിതവും ലോകത്തെ അറിയിക്കാനാണ് ബഹിഷ്കരണമെന്നും ഹാവോകിപ് കൂട്ടിച്ചേർത്തു.
കേന്ദ്രസേനയെ വിന്യസിച്ചത് സമാധാനം നിലനിർത്താനാണെന്നും എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് അവരുടെ പ്രവൃത്തി പല ചോദ്യങ്ങളും ഉയർത്തുന്നുണ്ടെന്നും ഗോത്രവർഗ സംഘടനകളുടെ സംയുക്തവേദിയായ ഇൻഡീജിനീയസ് ട്രൈബൽ ലീഡേഴ്സ് ഫോറം ശനിയാഴ്ച പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്ത് കഴിഞ്ഞവർഷം മേയ് മൂന്നിന് തുടങ്ങിയ വംശീയ കലാപത്തിൽ 200ലേറെ പേരാണ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.