ഇസ്ലാമാബാദ്: പാകിസ്താനിലെ പട്ടാളക്കോടതി വധശിക്ഷക്ക് വിധിച്ച ഇന്ത്യക്കാരനായ കുൽഭൂഷൻ ജാദവിനെ കുറ്റവിമുക്തനാക്കാനോ മോചിപ്പിക്കാനോ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് കഴിയില്ലെന്ന് പാകിസ്താൻ. കേസിൽ പാകിസ്താന് വേണ്ടി ഹാജരായ അഭിഭാഷകൻ ഖവാർ ഖുറേശിയും പാക് അറ്റോണി ജനറൽ അസ്തർ യൂസഫ് അലിയും ചേർന്ന് നടത്തിയ വാർത്തസമ്മേളനത്തിലാണ് പാക് മാധ്യമങ്ങളെയും കേസിൽ ഇന്ത്യയുടെ നിലപാടിനെയും ഇരുവരും വിമർശിച്ചത്.
കേസിൽ വിജയിച്ചുവെന്ന രീതിയിൽ തെറ്റായ അവകാശവാദം ഉയർത്തുകയാണെന്ന് ചൂണ്ടിക്കാണിച്ച് ഇന്ത്യയെയും ‘ശൂന്യതയിൽനിന്ന് എന്തോ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന്’ പറഞ്ഞ് പാക് മാധ്യമങ്ങളെയും ഖവാർ ഖുറേശി കുറ്റപ്പെടുത്തി. ജാദവിെൻറ വധശിക്ഷ നിർത്തിവെച്ച് അന്താരാഷ്ട്ര നീതിന്യായ കോടതി പുറപ്പെടുവിച്ച ഇടക്കാലവിധിയെ തുടർന്ന് പാക് വിദേശകാര്യ മന്ത്രാലയം കടുത്ത വിമർശനം നേരിട്ട പശ്ചാതലത്തിലാണ് ഇരുവരും വാർത്തസമ്മേളനം നടത്തിയത്. പാകിസ്താൻ ദയനീയമായ രീതിയിലാണ് കേസ് കൈകാര്യം ചെയ്തതെന്ന് പാക് മാധ്യമങ്ങളിലടക്കം വിമർശനം ഉയർന്നിരുന്നു.
ഹേഗിലെ കോടതി ജാദവിെൻറ വധശിക്ഷ നിർത്തിവെച്ചത് താൽക്കാലികമാണ്, എന്നിട്ടും ഇന്ത്യ കേസിൽ വിജയം അവകാശപ്പെടുകയാണെന്ന് ഖവാർ ഖുറേശി പറഞ്ഞു. കേസിനെ നിയമങ്ങൾക്ക് ഉപരിയായി രാഷ്ട്രീയമായി സമീപിക്കുന്നതാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പാകിസ്താൻ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി ലംഘിക്കില്ലെന്നും അതോടൊപ്പം രാഷ്ട്രത്തിെൻറ അഭിമാനം സംരക്ഷിക്കുമെന്നും അറ്റോണി ജനറൽ അസ്തർ യൂസഫ് അലി പറഞ്ഞു. കേസിൽ ജാദവിനെതിരായ എല്ലാ തെളിവുകളും കോടതിയിൽ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജാദവിെൻറ വധശിക്ഷ നിർത്തിവെച്ചുകൊണ്ടുള്ള വിധിക്ക് പിറകെ ഹേഗിലെ കോടതിയിൽ കേസിെൻറ തുടർവാദത്തിെൻറ ചുമതല അറ്റോണി ജനറൽ അസ്തർ യൂസഫ് അലിക്കായിരിക്കുമെന്ന് പാക് നിയമകാര്യമന്ത്രി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.