കർഷക സമരത്തിന്റെ തീജ്വാലയിൽ ഇളകിമറിഞ്ഞെങ്കിലും ലഖിംപൂർ ഖേരിയിൽ ജനവികാരം ബി.ജെ.പിക്ക് അനുകൂലം. എട്ട് മണ്ഡലങ്ങളിലും എതിരാളികളെ നിലംപരിശാക്കി ബി.ജെ.പി സ്ഥാനാർഥികൾക്ക് മിന്നും ജയം. കാസ്ത മണ്ഡലത്തിൽ മാത്രമാണ് സംസ്ഥാനത്ത് ബി.ജെ.പിയുടെ മുഖ്യ എതിരാളിയായി കണക്കാക്കിയിരുന സമാജ് വാദി പാർട്ടി (എസ്.പി) വെല്ലുവിളി ഉയർത്തിയിരുന്നത്. എന്നാൽ, ഉച്ചയോടെ പകുതി ഇടങ്ങളിലെയും ഫലം പുറത്തുവന്നതോടെ അതും അവസാനിച്ചു.
ഈ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ഏറ്റവും കൂടുതൽ ജനശ്രദ്ധ നേടിയ ജില്ലകളിൽ ഒന്നായിരുന്നു ലഖിംപൂർ ഖേരി. കഴിഞ്ഞ ഒക്ടോബറിൽ കർഷക സമരത്തിനിടെയുണ്ടായ അക്രമസംഭവങ്ങളോടെയാണ് ലഖിംപൂർ ശ്രദ്ധാകേന്ദ്രമാകുന്നത്. കാർഷിക ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ലഖിംപൂർ ഖേരിയിൽ സമരംചെയ്ത കർഷകർക്കുമേൽ വാഹനം ഇടിച്ചുകയറ്റിയ സംഭവം രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സംഭവത്തിൽ നാലു കർഷകർ ഉൾപ്പെടെ എട്ടു പേരാണ് കൊല്ലപ്പെട്ടത്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ അകമ്പടി വാഹനമാണ് അപകടം വരുത്തിയത്. തുടർന്ന് അറസ്റ്റിലായ ആശിഷ് മിശ്രക്ക് കഴിഞ്ഞ മാസം ഹൈകോടതി ജാമ്യം നൽകിയിരുന്നു.
ലഖിംപൂരിലെ അക്രമസംഭവങ്ങളായിരുന്നു സംസ്ഥാനത്ത് കോൺഗ്രസിന്റെയും എസ്.പിയുടെയും മുഖ്യ പ്രചാരണ വിഷയങ്ങളിലൊന്ന്. ബി.ജെ.പിക്കെതിരെ ആഞ്ഞടിക്കാൻ ഇരു പാർട്ടികൾക്കും സാധിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതൊന്നും ജനവികാരം ബി.ജെ.പിക്ക് എതിരാക്കാൻ കഴിഞ്ഞില്ലെന്നുവേണം കരുതാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.