ലഖിംപുർ ഖേരി (യു.പി): നാല് കർഷകരടക്കം എട്ടുപേർ കൊല്ലപ്പെട്ട ടിക്കോണിയ സംഘർഷത്തിൽ സിഖ് സമൂഹത്തിന്റെ അമർഷമടങ്ങുന്നില്ല. അതേസമയം, നിഘാസൻ നിയമസഭ മണ്ഡലത്തിലെ മറ്റിടങ്ങളിൽ സമ്മിശ്ര പ്രതികരണമാണ്. ടിക്കോണിയയിലെ സിഖുകാർ ഒഴികെ, മറ്റ് വിഭാഗങ്ങൾക്കിടയിൽ കേന്ദ്രമന്ത്രി അജയ് മിശ്രയോട് അത്രക്ക് നീരസമില്ല.
ഒക്ടോബർ മൂന്നിലെ സംഭവം കേന്ദ്രമന്ത്രിയുടെ നിർഭാഗ്യമായാണ് അവർ കരുതുന്നത്. 80,000ത്തോളം മുസ്ലിം വോട്ടർമാരുള്ള നിഘസൻ നിയമസഭ മണ്ഡലത്തിൽ 15,000 സിഖ്, 28,000 മൗര്യ, 22,000 കുർമി വോട്ടർമാരുണ്ട്.കൊലപാതകം ബി.ജെ.പിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് ടിക്കോണിയക്കടുത്ത കൗഡിയാല ഘട്ട് ഗുരുദ്വാരയിൽ നടന്ന അമാവാസ് ഉത്സവത്തിൽ പങ്കെടുത്ത സിഖ് സമുദായാംഗങ്ങൾ പറയുന്നത്.
സെപ്റ്റംബറിൽ പാലിയയിലെ സമ്പൂർണനഗറിൽ കാർഷിക നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് മിശ്ര പരസ്യമായി ഭീഷണിപ്പെടുത്തിയതിനാൽ കർഷകർ അസ്വസ്ഥരായിരുന്നുവെന്ന് നിഘാസൻ പ്രദേശത്തെ ഖരേതിയ ഗ്രാമത്തിലെ കർഷകനായ സ്വരൺ സിങ് പറഞ്ഞു. ടിക്കോണിയ സംഭവം എരിതീയിൽ എണ്ണയൊഴിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ഇത് മറക്കാൻ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. ബി.ജെ.പിക്കാരുമായുള്ള ബന്ധം വിച്ഛേദിക്കുമെന്ന് സിഖ് സമുദായ നേതാക്കൾ പ്രഖ്യാപിച്ചതായി അയൽനാടായ സഹൻഖേദയിലെ മുൻ ഗ്രാമത്തലവൻ അഹമ്മദ് ഖാൻ പറഞ്ഞു.
അതേസമയം, സിഖുകാരൊഴികെ മറ്റൊരു സമുദായത്തിനും മിശ്രയോട് അതൃപ്തിയില്ലെന്ന് ടിക്കോണിയ ഗ്രാമത്തലവൻ ഷഫീഖ് അഹമ്മദ് പറഞ്ഞു. ഈ സംഭവം നടന്നില്ലെങ്കിൽ നിഘാസനിൽനിന്ന് മകൻ ആശിഷിനെ മത്സരിപ്പിച്ച് വിജയിപ്പിച്ചേനെ. നിലവിൽ സമാജ്വാദി പാർട്ടിക്കാണ് മുൻതൂക്കമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലഖിംപുർ ഖേരിയിൽ നിന്നുള്ള നേതാക്കളിൽ ഒരാളാണ് മിശ്ര. 2014ലും 2019ലും ലഖിംപുർ ഖേരിയിൽ നിന്ന് എം.പിയായി. പിന്നീട് കേന്ദ്രമന്ത്രിയുമായി. പാലിയ, നിഘാസൻ, ലഖിംപുർ, ശ്രീനഗർ, ഗോല ഗോകർണ നാഥ് നിയമസഭ സീറ്റുകൾ ഉൾപ്പെടുന്നതാണ് മിശ്രയുടെ ലോക്സഭ മണ്ഡലം. 2017ൽ ഈ അഞ്ച് സീറ്റുകളിലും വിജയിച്ചത് ബി.ജെ.പിയാണ്. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അദ്ദേഹം സജീവമല്ല. നിഘാസനിൽനിന്ന് സിറ്റിങ് എം.എൽ.എ ശശാങ്ക് വർമയെ ബി.ജെ.പി വീണ്ടും മത്സരിപ്പിക്കുമ്പോൾ മുൻ എം.എൽ.എ ആർ.എസ്. കുശ്വാഹ യാണ് എസ്.പി സ്ഥാനാർഥി. റാഫി അഹമ്മദ് ഉസ്മാനി ബി.എസ്.പി സ്ഥാനാർഥി. അടൽ ശുക്ലക്കൊപ്പം നിൽക്കാനാണ് കോൺഗ്രസ് തീരുമാനം. ഏഴ് ഘട്ടങ്ങളിലുള്ള നിയമസഭ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടമായ ഫെബ്രുവരി 23നാണ് ഇവിടെ വോട്ടെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.