കൊച്ചി: യാത്രക്കപ്പൽ സർവിസ് വെട്ടിക്കുറച്ച അധികൃതരുടെ നടപടിയെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട ലക്ഷദ്വീപിലെ ടൂറിസം അസി. ഡയറക്ടർ ഹുസൈൻ മണിക്ഫാനെ പൊലീസ് അറസ്റ്റ് ചെയ്തത് ഗുരുതര വകുപ്പുകൾ ചുമത്തി. എന്നാൽ, നടപടിയെ വിമർശിച്ച് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു.
വ്യാഴാഴ്ച പുലർച്ച ഒന്നോടെ വീട്ടിലെത്തിയായിരുന്നു ഹുസൈൻ മണിക്ഫാനെ കവരത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ലക്ഷദ്വീപിലേക്കുള്ള ഏഴ് കപ്പലിൽ രണ്ടെണ്ണം മാത്രം സർവിസ് നടത്തുന്നതിനെ വിമർശിച്ചായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
രണ്ട് കപ്പൽ മാത്രം സർവിസ് നടത്തുന്നത്, ഇത്രയും മതിയെന്ന് ന്യായീകരിക്കാൻ വേണ്ടിയാണോ എന്നായിരുന്നു പോസ്റ്റിലുണ്ടായിരുന്നത്. എന്നാൽ, പൊതുസമൂഹത്തിന് ദ്രോഹമുണ്ടാക്കുന്ന പ്രസ്താവന നടത്തുക, അപകീർത്തികരമായ പ്രസ്താവനകൾ പ്രചരിപ്പിക്കുക എന്നിങ്ങനെ ജാമ്യം കിട്ടാത്തതും മൂന്നുവർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
എന്നാൽ, ഈ കുറ്റങ്ങൾ ചുമത്താനുള്ള ഒന്നും ഫേസ്ബുക്ക് പോസ്റ്റിലില്ലെന്നും അതിനാൽ ജാമ്യം അനുവദിക്കുകയാണെന്നും കവരത്തി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിൽ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ് വിശദമായി പരിശോധിച്ചെന്ന് കോടതി വ്യക്തമാക്കി. ഇത്തരത്തിെല ഒരു പോസ്റ്റിെൻറ പേരിൽ കേസെടുത്തത് അധികാര ദുർവിനിയോഗമായേ കണക്കാക്കാൻ കഴിയൂവെന്നും കോടതി വിമർശിച്ചു.
അറസ്റ്റിനെത്തുടർന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഹുസൈനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഹുസൈനും ഭാര്യയും മാത്രം വീട്ടിലുണ്ടായിരുന്ന പുലർച്ചയാണ് പൊലീസെത്തി അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹത്തിെൻറ അഭിഭാഷകൻ പറഞ്ഞു. 31 വർഷമായി ഒരുവിധത്തിലുമുള്ള അച്ചടക്ക നടപടി നേരിടാതെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണ് ഹുസൈൻ മണിക്ഫാൻ.
കേസെടുത്ത നടപടിയിൽ ദുരൂഹത സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ദ്വീപിലെ ജനങ്ങളുടെ ബുദ്ധിമുട്ട് സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചതിനെതിരെ കേസെടുത്ത നടപടിയിൽ രൂക്ഷവിമർശനമാണ് ലക്ഷദ്വീപിൽ ഉയർന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.