മുംബൈ: നഗരത്തിലെ മണ്ഡലങ്ങളിൽ മത്സരിക്കുന്ന എൻ.ഡി.എ സ്ഥാനാർഥികൾക്കായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയിൽ പങ്കെടുത്തെങ്കിലും ദുരൂഹമായി അജിത് പവാറിന്റെ നീക്കം. മഹാരാഷ്ട്രയിലെ അവസാനഘട്ട വോട്ടെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് വേണ്ടി പ്രചരണത്തിനിറങ്ങാതെ മാറിനിന്നതാണ് അഭ്യൂഹങ്ങൾക്ക് ഇടനൽകിയത്. അജിത് മാറിനിൽക്കുക മാത്രമല്ല ആശയവിനിമയവും റദ്ദാക്കി. പിണങ്ങിയാൽ മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത ആർക്കും പിടികൊടുക്കാതെ മാറിനിൽക്കുന്നത് അജിത്തിന്റെ ശൈലിയാണ്. അതിനാൽ, എൻ.ഡി.എ സഖ്യത്തിൽ അദ്ദേഹം തൃപ്തനല്ലെന്ന് വ്യാഖ്യാനിക്കപ്പെട്ടു.
ലോക്സഭ സീറ്റ് വിഭജനത്തിൽ അജിത് പക്ഷ എൻ.സി.പി തൃപ്തരല്ലെന്നാണ് പറയപ്പെടുന്നത്. കുറഞ്ഞത് ആറ് സീറ്റ് ആവശ്യപ്പെട്ടെങ്കിലും നാല് സീറ്റുകളാണ് ബി.ജെ.പി നൽകിയത്. അതേസമയം മറ്റൊരു സഖ്യകക്ഷിയായ ഏക്നാഥ് ഷിൻഡെ പക്ഷ ശിവസേനക്ക് 15 സീറ്റുകളാണ് ബി.ജെ.പി നൽകിയത്. മാത്രമല്ല, എൻ.സി.പിയേ പിളർത്തിവന്ന തന്റെ പക്ഷത്തിന് മന്ത്രിസഭയിൽ മതിയായ പ്രാതിനിധ്യം നൽകാത്തതിലും അജിത് അസ്വസ്ഥനാണെന്നാണ് പറയപ്പെടുന്നത്. അജിത് പക്ഷത്തെ എട്ടുപേരാണ് നിലവിൽ മന്ത്രിസഭയിലുള്ളത്. കൊങ്കൺ, നാസിക് ജില്ലകളുടെ രക്ഷാകർതൃ മന്ത്രിസ്ഥാനവും അജിത് പക്ഷത്തിന് ഇതുവരെ ലഭിച്ചില്ല. ഇതെല്ലാമാണ് അജിത്തിന്റെ മൗനവുമായി കൂട്ടി വായിക്കുന്നത്. എന്നാൽ, തൊണ്ടയിൽ അണുബാധയെ തുടർന്ന് വിശ്രമത്തിലായിരുന്നു എന്നാണ് അജിത് പക്ഷത്തിന്റെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.