ആരാധകരുടെ ഭീഷണി; പുനീത് രാജ്‌കുമാറിന്‍റെ കുടുംബ ഡോക്ടർക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തി

ബംഗളുരു: കന്നഡ സൂപ്പർതാരം പുനീത് രാജ്‌കുമാറിന്‍റെ കുടുംബ ഡോക്ടർക്ക് സുരക്ഷ ഏർപ്പെടുത്തി ബംഗളുരു പൊലീസ്. മരണം ചികിത്സാവീഴ്ചയാണെന്ന പ്രചാരണം ആരാധകർക്കിടയിൽ ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് ഡോക്ടർക്ക് പൊലീസ് സംരക്ഷണം ഒരുക്കിയിരിക്കുന്നത്.

ഒരാഴ്ച മുന്‍പ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച പുനീതിന്‍റെ മരണം ചികിത്സാവീഴ്ച മൂലമാണെന്നാണ് പ്രചരണം. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും നിരവധി ആരാധകരാണ് ഇത്തരം ആരോപണങ്ങളുമായി രംഗത്തെത്തുന്നത്. ഇതോടെയാണ് സദാശിവനഗറിലെ ഡോ. രമണ റാവുവിന്റെ വസതിക്കും ക്ലിനിക്കിനും ബംഗളുരു പൊലീസിന്റെ സംരക്ഷണം ഏർപ്പെടുത്തിയത്. അനിഷ്‌ട സംഭവങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ പ്രദേശത്തെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

നടന്‍റെ കുടുംബ ഡോക്ടറായ ഡോ. രമണ റാവുവിനും താരത്തെ ചികിത്സിച്ച മറ്റ് ആരോഗ്യപ്രവർത്തകർക്കും പൊലീസ് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് പ്രൈവറ്റ് ഹോസ്പിറ്റൽസ് ആൻഡ് നഴ്‌സിംഗ് ഹോംസ് അസോസിയേഷൻ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിൽ കൂടിയാണ് നടപടി. നടന്‍റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർ പ്രചരിപ്പിക്കുന്ന അഭ്യൂഹങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മാക്ക് കെെമാറിയ കത്തില്‍ അസോസിയേഷൻ പ്രസിഡന്‍റ് ഡോ. പ്രസന്ന എച്ച്.എം പറയുന്നു.

മരണപ്പെട്ടയാളുടെയും കുടുംബത്തിന്‍റെയും സ്വകാര്യതക്കെതിരെ ഉണ്ടാകുന്ന കടുത്ത ആക്രമണമാണിതെന്നും ഡോ. പ്രസന്ന ചൂണ്ടിക്കാട്ടി. എല്ലായ്പ്പോഴും ജീവൻ രക്ഷിക്കാൻ കഴിയുകയില്ല എന്ന സത്യം ആരാധകർ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ പ്രവർത്തകരെ പ്രതിസ്ഥാനത്ത് നിർത്താനുള്ള ശ്രമങ്ങളെ അസോസിയേഷൻ ശക്തമായി എതിർക്കുന്നതായും കത്ത് വ്യക്തമാക്കുന്നു. 

Tags:    
News Summary - Late actor Puneeth Rajkumar’s doctor gets police protection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.