ന്യൂഡൽഹി: പ്രവാസി ഇന്ത്യക്കാർക്ക് ഓൺലൈനായി വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായി നിയമമന്ത്രി കിരൺ റിജിജു ലോക്സഭയിൽ. പ്രവാസി ഇന്ത്യക്കാർക്ക് എങ്ങനെ വോട്ടവകാശം നൽകാൻ കഴിയും, ഓൺലൈൻ വോട്ടിങ് അനുവദിക്കാമോ എന്നീ കാര്യങ്ങൾ പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമീഷനോട് സർക്കാർ അഭ്യർഥിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഒരു തീരുമാനമെടുക്കുന്നതിനു മുമ്പ്, അത്തരമൊരു സംവിധാനത്തിന്റെ സുതാര്യതയും സുരക്ഷിതത്വവും ഉറപ്പു വരുത്തേണ്ടതുണ്ട്. ആധാറും വോട്ടർ പട്ടികയുമായി ബന്ധിപ്പിച്ച് കള്ളവോട്ട് തടയുന്ന കാര്യവും പരിഗണനയിലുണ്ട്. ആധാർ വോട്ടർപട്ടികയുമായി ബന്ധിപ്പിക്കുന്നത് ഇപ്പോൾ നിർബന്ധമല്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഒരു രാജ്യം, ഒരു വോട്ടർ പട്ടിക എന്നതാണ് ലക്ഷ്യം.
രാജ്യത്ത് നിർബന്ധിത വോട്ടിങ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മറ്റൊരു ചോദ്യത്തിനുള്ള മറുപടിയിൽ മന്ത്രി പറഞ്ഞു. ജയിലുകളിലുള്ളവർ കോടതിയുടെ അധികാര പരിധിയിലാണെന്നിരിക്കേ, തടവുകാർ വോട്ട് ചെയ്യണമെന്ന് നിർബന്ധിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.