ലോറൻസ് ബിഷ്‍ണോയിക്ക് ടെലിവിഷൻ അഭിമുഖം നടത്താൻ പൊലീസ് സ്റ്റേഷൻ സ്റ്റുഡിയോ ആക്കി മാറ്റി; ഒൗദ്യോഗിക വൈഫൈ ഉപയോഗിക്കാൻ അനുവദിച്ചു -പഞ്ചാബ് പൊലീസിനെതിരെ ഹൈകോടതി

ചണ്ഡീഗഢ്: ഗുണ്ടാസംഘത്തലവൻ ലോറൻസ് ബിഷ്‍ണോയിക്ക് പൊലീസ് സ്റ്റേഷനിൽ അഭിമുഖം നടത്താൻ സൗകര്യം ഒരുക്കിയതിൽ പഞ്ചാബ് പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി പഞ്ചാബ്-ഹരിയാന കോടതി. ടെലിവിഷൻ അഭിമുഖത്തിനായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഓഫിസ് ആണ് സ്റ്റുഡിയോ ആക്കി മാറ്റിയതെന്നും കോടതി നിരീക്ഷിച്ചു. ലോറൻസ് ബിഷ്‍ണോയിയും പൊലീസുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടും ഗൂഢാലോചനയും പുറത്തുകൊണ്ടുവരാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും കോടതി നിർദേശിച്ചു.

മറ്റ് കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ താൻ നേതൃത്വം നൽകുന്ന എസ്.ഐ.ടിക്ക് അധികാരമില്ലെന്ന് പ്രത്യേക ഡി.ജി.പി പ്രബോധ് കുമാർ സമർപ്പിച്ചതിന് പിന്നാലെയാണ് ജസ്റ്റിസുമാരായ അനുപീന്ദർ സിങ് ഗ്രെവാൾ, ലപിത ബാനർജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. ജയിൽ പരിസരത്ത് തടവുകാർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്വമേധയാ വാദം കേൾക്കുന്നതിനിടെയാണ് ജഡ്ജിമാരുടെ പരാമർശം.

പോലീസ് ഉദ്യോഗസ്ഥർ കുറ്റവാളികൾക്ക് ഇലക്ട്രോണിക് ഉപകരണം ഉപയോഗിക്കാൻ അനുവദിക്കുകയും സ്വന്തം കുറ്റത്തെ ഉദാത്തവത്കരിക്കാനായി അഭിമുഖം നടത്താൻ സ്റ്റുഡിയോ പോലുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്നു. ഇത് മറ്റ് ഗുരുതര കുറ്റകൃത്യങ്ങൾ നടത്താൻ കുറ്റവാളികൾക്കും കൂട്ടർക്കും സൗകര്യം നൽകും. ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന പൊലീസുകാർ കുറ്റവാളികളിൽ നിന്ന് നിയമവിരുദ്ധമായ പങ്ക് പറ്റിയിട്ടുമുണ്ടാകും. അതിനാൽ കേസിൽ കൂടുതൽ അന്വേഷണം ആവശ്യമാണ്. -എന്നാണ് കോടതി ഉത്തരവിട്ടത്.

ലോറൻസ് ബിഷ്‍ണോയിയുടെ അഭിമുഖവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ്.ഐ.ടി സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. പഞ്ചാബ് ഗായകൻ സിദ്ധു മൂസവാല ഉൾപ്പെടെയുള്ളവരുടെ കൊലപാതകക്കേസുകളിൽ പങ്കാളിയാണ് ലോറൻസ് ബിഷ്ണോയി. 2023 മാർച്ചിൽ ബിഷ്‍ണോയിയുമായുള്ള അഭിമുഖം എ.ബി.പി ന്യൂസ് പുറത്തുവിട്ടിരുന്നു. കൊലപാതത്തി​െൻറ ആസൂത്രണത്തെ കുറിച്ചാണ് ബിഷ്‍ണോയി അഭിമുഖത്തിൽ വിവരിക്കുന്നത്.

ഈ അഭിമുഖം നടത്തിയത് ഖറാറിലെ സി.ഐ.എ ഓഫിസ് പരിസരത്ത് വെച്ചാണെന്ന് വ്യക്തമായി മനസിലാക്കാമെന്ന് ജഡ്ജിമാർ ചൂണ്ടിക്കാട്ടി. സി.ഐ.എ ഓഫിസിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനടക്കമുള്ളവർ ടെലിവിഷൻ അഭിമുഖത്തിനായി പൊലീസ് സ്റ്റേഷൻ സ്റ്റുഡിയോ ആക്കി മാറ്റാൻ സഹായം നൽകി. ഓഫിസിലെ ഔദ്യോഗിക വൈവൈ സംവിധാനം ഉപയോഗിച്ചായിരുന്നു ഇന്റർവ്യൂ നടത്തിയത്. -കോടതി നിരീക്ഷിച്ചു.

Tags:    
News Summary - Lawrence Bishnoi used Punjab Police station as TV studio for interview, given access to Wi Fi: High court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.